Sorry, you need to enable JavaScript to visit this website.

'മുഖപത്രത്തിലേത് സഭയുടെ രാഷ്ട്രീയ നിലപാട് അല്ല'; സുരേഷ് ഗോപിക്കെതിരായ വിമർശത്തെ തള്ളി അതിരൂപത

തൃശൂർ - സഭയുടെ മുഖപത്രമായ 'കത്തോലിക്കാസഭയിൽ' ബി.ജെ.പിക്കും നടൻ സുരേഷ് ഗോപിക്കുമെതിരെ വന്ന വിമർശം തള്ളി തൃശൂർ അതിരൂപ രംഗത്ത്. മുഖപത്രത്തിൽ എഴുതിയത് സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്നാണ് ഇവരുടെ വാദം. 
  അൽമായരുടെ സംഘടനയായ കത്തോലിക്ക കോൺഗ്രസ് മണിപ്പൂർ വിഷയത്തിൽ തൃശൂർ കോർപ്പറേഷന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിലുയർന്ന അഭിപ്രായമാണ് ലേഖനമായി വന്നത്. അതിനാൽ അതൊരു വാർത്തയായി കാണണമെന്നും, തൃശൂർ അതിരൂപതയുടെ രാഷ്ട്രീയ നിലപാട് അല്ലെന്നുമാണ് സഭയുടെ വിശദീകരണത്തിലുള്ളത്.

Read More

 മറക്കില്ല മണിപ്പൂർ എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസമാണ് കത്തോലിക്കാസഭയിൽ ലേഖനം വന്നത്. 'മണിപ്പൂർ കത്തിയെരിയുമ്പോൾ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ' എന്നായിരുന്നു മുഖപത്രത്തിൽ ഉയർന്ന ചോദ്യം. തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും കേന്ദ്ര സർക്കാറിനോടും ബി.ജെ.പിയോടുമായി മുഖപത്രം വ്യക്തമാക്കിയിരുന്നു. മണിപ്പൂർ കലാപസമയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസ്സിലാകുമെന്നും ലേഖനത്തിലുണ്ടായിരുന്നു. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണെന്നും അതിലുണ്ടായിരുന്നു.
 സഭാ നേതൃത്വുമായി അടുക്കാനുള്ള ബി.ജെ.പി ശ്രമത്തിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെയുള്ള പദയാത്രയുടെ സമാപനത്തിൽ സുരേഷ് ഗോപി നടത്തിയ പരാമർശമാണ് വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയത്. 'മണിപ്പൂരിനെയും യു.പിയേയും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങളുണ്ടെന്നായിരുന്നു' സുരേഷ് ഗോപിയുടെ പ്രസ്താവന. ഇതിന് മറുപടിയായി 'മണിപ്പൂർ കത്തിയെരിയുമ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്ന' മറുചോദ്യമാണ് മുഖപത്രത്തിൽ ഉയർന്നത്. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതിനാലാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന പരിഹാസവും കാത്തോലിക്കാ സഭയുടെ ലേഖനത്തിലുണ്ടായിരുന്നു. എന്നാൽ, ഈ ലേഖനം തള്ളിയതാണിപ്പോൾ സഭ രംഗത്തെത്തിയത്. ഇത് സഭക്കകത്തും പുറത്തും കൂടുതൽ ചർച്ചയാവുമെന്നാണ് കരുതുന്നത്. മണിപ്പൂർ വംശഹത്യ അടക്കമുള്ള കൂട്ടക്കുരുതികളെയും സംഘപരിവാറിന്റെ ഹിഡൻ അജണ്ടകളെയും മൂടിപുതപ്പിക്കുന്ന ഇത്തരം സമീപനം അന്ധമായ കക്ഷിരാഷ്ട്രീയ വിധേയത്വമില്ലാത്ത, മതനിരപേക്ഷതയെ പിന്തുണയ്ക്കുന്ന സത്യസന്ധരായ സഭാവിശ്വാസികൾക്ക് പിന്തുണയ്ക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ സ്വന്തം കൂടെപ്പിറപ്പുകളെ പോലും ചുട്ടെരിച്ചിട്ടും സഭയെ ഇത്തരം കൊടും ക്രൂരതയ്‌ക്കെതിരെ ശബ്ദിക്കാൻ ഭയപ്പെടുത്തുന്നത് വല്ലാത്തൊരു വിധേയത്വവും അപകടവുമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

Latest News