മലപ്പുറം / തിരുവനന്തപുരം - പാർട്ടി വിലക്ക് മറികടന്ന് ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ച കെ.പി.സി.സി ജനറൽസെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി അച്ചടക്ക സമിതിക്ക് വിട്ട് കെ.പി.സി.സി നേതൃത്വം. പ്രശ്‌നത്തിൽ ഒരാഴ്ചക്കുള്ളിൽ നേതൃത്വം തീരുമാനമെടുക്കും. അതുവരേയും പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനു ആര്യാടൻ ഷൗക്കത്തിനു നേതൃത്വം വിലക്കേർപ്പെടുത്തി.
എന്നാൽ, താൻ പാർട്ടിയെ ധിക്കരിച്ചിട്ടില്ലെന്നും അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും ആവർത്തിക്കുന്ന ആര്യാടൻ ഷൗക്കത്ത് പാർട്ടിയുടെ ഒരാഴ്ചത്തെ വിലക്കു അനുസരിക്കുമെന്ന നിലപാടിലാണുള്ളത്.
ആര്യാടൻ ഷൗക്കത്ത് നടത്തിയത് പാർട്ടിയോടുള്ള പരസ്യ വെല്ലുവിളിയാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പറയുന്നത്. ഷൗക്കത്തിന്റെ വിശദീകരണം തൃപ്തികരമല്ല. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തി, ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നാണ് കെ.പി.സി.സി നിലപാട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പാർട്ടി വിരുദ്ധത എന്താണെന്നും ഇത് ഫലസ്തീന് വേണ്ടി മാത്രം ഉള്ള പരിപാടിയായിരുന്നുവെന്നുമാണ് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി, കോൺഗ്രസ് നേതാവ് വി.എ കരീം അടക്കമുള്ള ഒട്ടേറെ നേതാക്കളും നൂറിലേറെ സജീവ പ്രവർത്തകരും കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്കു മറികടന്ന് ഫലസ്തീൻ ഐക്യദാർഢ്യ റാലിയോട് സഹകരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സിയും സംസ്ഥാന നേതൃത്വവും ചേർന്ന് എ ഗ്രൂപ്പ് നേതാക്കളെ വെട്ടിയതിലുള്ള പ്രതിഷേധമാണ് മലപ്പുറത്തെ കോൺഗ്രസിൽ വിഭാഗീയത കൂടുതൽ കടുപ്പിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ പാർട്ടിക്ക് ഒരുമിച്ച് നിൽക്കാനാകാതെ വന്നാൽ അത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുമെന്ന അഭിപ്രായവും കോൺഗ്രസിൽ ശക്തമാണ്. അതിനാൽ പേരിനെങ്കിലും നടപടി എടുത്ത് വിജയിച്ചുവെന്ന് വരുത്തി തീർക്കാനും പാർട്ടിയിൽ കൂടുതൽ വിള്ളലുണ്ടാക്കാതിരിക്കാനുമുള്ള ജാഗ്രതയാണ് കോൺഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷത്തിനുമുള്ളത്. അതേസമയം, ശക്തമായ താക്കീതിലൂടെ പ്രതിഷേധമുയർത്തുന്നവരുടെ മുനയൊടിച്ച് പാർട്ടിയിൽ അവരെ കൂടുതൽ നിർവീര്യമാക്കണമെന്ന അഭിപ്രായമുള്ള ഐ ഗ്രൂപ്പ് നേതാക്കളുമുണ്ട്. എന്നാൽ, രംഗം കൂടുതൽ വഷളാക്കുന്ന സാഹചര്യം ഉണ്ടായിക്കൂടെന്നും എല്ലാവരെയും കാര്യങ്ങൾ റഞ്ഞ് ബോധ്യപ്പെടുത്തിയും വിശ്വാസത്തിലെടുത്തും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ശക്തമായ വികാരമുള്ളവരും പാർട്ടിക്കകത്തും പുറത്തുമുണ്ട്. എന്തായാലും പാർട്ടി അച്ചടക്കസമിതിയുടെ കൂടിയാലോചനയ്ക്കു ശേഷമാവും അന്തിമ നടപടി.
അതിനിടെ, മലപ്പുറത്തെ കോൺഗ്രസിലെ വിഭാഗീയത എങ്ങനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താമെന്ന ഗവേഷണത്തിലാണ് സി.പി.എം. കോൺഗ്രസുമായി ഇടച്ചിൽ തുടരുകയാണെങ്കിൽ പൊന്നാനി ലോകസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ പരിഗണിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കും സി.പി.എം തയ്യാറായേക്കുമെന്നാണ് ശ്രുതി. അതിനാൽ തന്നെ ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നത് ജില്ലാ യു.ഡി.എഫ് നതൃത്വത്തെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, മുൻ മന്ത്രിയും തവനൂർ എം.എൽ.എയുമായ ഡോ. കെ.ടി ജലീൽ എന്നിവരെ പൊന്നാനിയിലേക്ക് ആലോചിക്കുന്നതിനിടെയാണ് ആര്യാടൻ ഷൗക്കത്തും സി.പി.എം കേന്ദ്രങ്ങളിൽ സജീവ ചർച്ചയാകുന്നത്.