കോഴിക്കോട് - ഇസ്രായേലിനെ ആക്രമിച്ചത് ഭീകരവാദികളാണെന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ വാക്കുകൾക്ക് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീറിന്റെ മറുപടി.
മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ, ഗസയ്ക്ക് മുകളിലെ ഇസ്രായേലിന്റെ പ്രത്യാക്രമണം അതിരുകടന്നുവെന്നും അടിയന്തരമായി നിർത്തണമെന്നും ആവശ്യപ്പെട്ട തരൂർ, ഇസ്രയേലിനെ ആക്രമിച്ചത് ഭീകരവാദികളാണെന്ന് പറഞ്ഞിരുന്നു. ഇതിന് തരൂരിന്റെ പേര് പറയാതെയാണ് ഫലസ്തീൻ അംബാസഡറുടെ സന്ദേശം വായിച്ചതിനുശേഷം ഒറ്റവാക്കിൽ ഒരു കാര്യമെന്നു പറഞ്ഞ് പ്രശ്‌നത്തിന്റെ മർമ്മത്തിലേക്ക് മുനീർ വിഷയത്തെ തൊടുത്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഫലസ്തീനികളുടേത് സ്വാതന്ത്ര്യസമരവും ഇസ്രായേലിന്റേത് വംശീയ ഉന്മൂലനവുമാണെന്നാണ് മുനീർ വ്യക്തമാക്കിയത്. ഭഗത്സിംഗ്, സുഭാഷ് ചന്ദ്രബോസ് അടക്കമുള്ളവർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ധീരമായി പോരാടിയപ്പോൾ സാമ്രാജ്യത്വത്തിന്റെ കണ്ണിൽ അത് ഭീകരപ്രവർത്തനമായിരുന്നു. ഫലസ്തീനികളുടെ നിലനിൽപ്പിനായുള്ള സ്വാതന്ത്ര്യസമര പോരാട്ടത്തെയും ഇവ്വിധം ഭീകരപ്രവർത്തനമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. പ്രതിരോധവും ആക്രമണവും രണ്ടാണ്. ഫലസ്തീന്റേത് സ്വാതന്ത്ര്യസമരവും ഇസ്രായേലിന്റേത് അധിനിവേശവുമാണ്. ഭഗത്സിങ്ങും സുഭാഷ് ചന്ദ്രബോസും ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നത് ഭീകരവാദമായാണ് ബ്രിട്ടീഷുകാർ കണ്ടത്. ഫലസ്തീനായി പോരാടുന്നവരെ ഭീകരവാദികൾ എന്ന് വിളിക്കുന്നത് സാമ്രാജ്യത്വവാദികളാണ്. ചെറിയ കല്ലുകൾ എറിഞ്ഞവർ കൂടുതൽ പ്രതിരോധിക്കുന്നുണ്ടെങ്കിൽ അത് അടിച്ചമർത്തൽകൊണ്ടാണ്. നമ്മൾ പ്രതിരോധത്തിനൊപ്പമാണെന്നും ഫലസ്തീനികൾ ഇന്ന് അഞ്ചു നേരമല്ല, ഒരു നേരം മയ്യിത്ത് നമസ്‌കാരം അടക്കം ആറുനേരം നമസ്‌കരിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം ഉണർത്തി.
റാലിയിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് തരൂർ ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ചത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നാണ് തരൂർ പറഞ്ഞത്. ഫലസ്തീൻ പ്രശ്‌നം മുസ്‌ലിം വിഷയമല്ലെന്നും മനുഷ്യാവകാശ പ്രശ്‌നമാണെന്നും പറഞ്ഞ തരൂർ, ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ ഇസ്രായേലിന്റെ പ്രതികാരം അതിരുകടന്നുവെന്നും മനുഷ്യത്വരഹിതമായ ഈ ആക്രമണത്തിൽ കഴിഞ്ഞ 15 വർഷത്തിനിടെ നടന്നതിനേക്കാൾ കൂടുതൽ പേർ ഇപ്പോൾ മരിച്ചെന്നും വ്യക്തമാക്കുകയുണ്ടായി.