റാമല്ല (ഗസ) - പിറന്ന മണ്ണിൽ ജീവശ്വാസത്തിനായി പിടയുന്ന ഫലസ്തീനികൾക്കു നേരെയുള്ള കൂട്ടക്കുരുതി തുടരുന്നതിനിടെ ആശ്വാസമായി റഫാ ചെക്ക് പോസ്റ്റ് വഴി അവശ്യ വസ്തുക്കളുമായുള്ള ട്രക്കുകൾ കടത്തിവിട്ടെങ്കിലും ഇസ്രായേലിന്റെ ആക്രമണത്തിന് ശമനമില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഗസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ ഇസ്രായേലിന്റെ നിഷ്ഠൂര ആക്രമണം തുരുമ്പോഴും ദിവസങ്ങളായി ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ നരകിക്കുകയാണ് ജനങ്ങൾ. അതിനിടെ, ഇന്ന് പുലർച്ചെ ഗസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനകം 352 ജീവനുകളാണിവിടെ പൊലിഞ്ഞത്. ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ട്.
ഒക്‌ടോബർ ഏഴു മുതൽ ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ വെടിവയ്പ്പിൽ ഇതുവരെയായി 4473 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗസ ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്ക്.
ആശുപത്രികൾ സ്ഥിരീകരിച്ച കണക്കനുസരിച്ച് ഗസ മുനമ്പിൽ 4137 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 14,000-ത്തിലധികം പേർക്ക് പരുക്കേറ്റു, വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം 84 ഫലസ്തീനികളെ കൊല്ലുകയും 1,400-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രായേൽ തകർത്ത വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഗസയിലെ പാർപ്പിട മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗസ മുനമ്പിലെ കുറഞ്ഞത് 30 ശതമാനം വീടുകളെങ്കിലും ഇതിനകം ഇസ്രായേൽ മുഴുവനായോ ഭാഗികമായോ തകർത്തു തരിപ്പണമാക്കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ കണക്കുകൾ ഇതിനു പുറമെയാണ്.
തെക്കൻ റഫ സിറ്റിയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരുക്കുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങുക്കിടക്കുകയാണ്. ജബലിയ നഗരത്തിൽ 14 പേർ കൊല്ലപ്പെട്ടതായും പറയുന്നു.
എന്നാൽ, ഗസയിലെ ഇസ്രായേൽ കൂട്ടക്കുരുതി 14-ാം ദിവസത്തിലേക്ക് കടന്നപ്പോൾ മരണസംഖ്യ 4200 ആണെന്നാണ് യു.എൻ കണക്കുപുസ്തകത്തിലുള്ളത്. ഗസയിൽ ഏകദേശം 14 ലക്ഷം പേർ ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ടതായും പറയുന്നു. ഇതിൽ 5,44,000ത്തിലധികം പേർ യു.എൻ നിയന്ത്രണത്തിലുള്ള 147 എമർജൻസി ഷെൽട്ടറുകളിൽ അഭയം കണ്ടെത്തിയതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു.