കണ്ണൂർ - ഫലസ്തീനികൾക്കു നേരെയുള്ള ഇസ്രായേൽ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേൽ പോലീസിനുള്ള യൂണിഫോം തയ്ക്കൽ അവസാനിപ്പിച്ച് കണ്ണൂരിലെ വസ്ത്ര നിർമാണക്കമ്പനി. കൂത്തുപറമ്പ് നഗരസഭയിലെ കിൻഫ്രാ പാർക്ക് എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേതാണീ യുദ്ധവിരുദ്ധ സന്ദേശം പരത്തുന്ന തീരുമാനം.
പിറന്ന മണ്ണിൽ വേദന തിന്നുന്ന, ഗസയിലെ ആശുപത്രിയിൽ കഴിയുന്നവരെ പോലും കുരുതിക്കൊടുത്ത ഇസ്രായേൽ സമീപനത്തെ തരിമ്പും തുണയ്ക്കാനാവില്ലെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതുവരെ പ്രതിഷേധമെന്നോണം ഇസ്രായേലിന്റെ ഓർഡറുകൾ സ്വീകരിക്കേണ്ടതില്ലെന്നുമാണ് കമ്പനി തീരുമാനം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഞങ്ങൾ തയ്ക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞ് നിരപരാധികളുടെ ചോര വീഴുന്നത് കാണാൻ താൽപര്യമില്ലെന്ന് മരിയൻ അപ്പാരൽ കമ്പനിയുടെ മാനേജിംഗ് ഡയരക്ടറും ഇടുക്കി തൊടുപുഴ സ്വദേശിയും മുംബൈ മലയാളി വ്യവസായിയുമായ തോമസ് ഓലിക്കൽ മാധ്യമങ്ങളോട് പറഞ്ഞു. ഇനി ചോരക്കളി കഴിഞ്ഞിട്ടു മതി ഇസ്രായേലിലേക്കുള്ള വസ്ത്ര വിതരണം എന്ന നിലപാടിലാണ് കമ്പനി. പണത്തിന് അപ്പുറം വിശ്വമാനവികതയ്ക്കു വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നും പശ്ചിമേഷ്യയിലുണ്ടാകുന്ന സംഭവങ്ങൾ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എട്ടുവർഷത്തോളമായി ഇസ്രായേൽ പോലീസിനുള്ള യൂനിഫോം തയ്പ്പിക്കുന്നത് ഈ കമ്പനിയിൽ നിന്നാണ്. പ്രതിവർഷം ഒരു ലക്ഷത്തോളം യൂനിഫോം ഷർട്ടുകളാണ് കമ്പനിയിൽനിന്നും അയക്കുന്നത്. ഇസ്രായേൽ പോലീസിനു മാത്രമല്ല ഫിലപ്പീൻ ആർമി, ഖത്തർ എയർഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവയ്‌ക്കെല്ലാം പിന്നിൽ ഈ വസ്ത്ര നിർമാണ കമ്പനിയുടെ സാന്നിധ്യമുണ്ട്. പശ്ചിമേഷ്യയിലെ പല സ്‌കൂളുകൾക്കും ആശുപത്രി ഡിപ്പാർട്ടുമെന്റുകൾക്കുമൊക്കെയുള്ള യൂണിഫോമുകൾ, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയർ ആൻഡ് റെസ്‌ക്യൂ വസ്ത്രങ്ങൾ, കോട്ടുകൾ തുടങ്ങിയവയും കമ്പനിയാണ് എത്തിച്ചുകൊടുക്കുന്നത്.
കമ്പനി എം.ഡിയുടെ മുംബൈയിലെ സ്വന്തം ഫാക്ടറിയിൽ നിന്നാണ് തയ്ക്കാനുള്ള തുണി എത്തിക്കുന്നത്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 1500-ഓളം സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ജോലിക്കാരിൽ 95 ശതമാനവും സ്ത്രീകളാണ്.
യഥാർത്ഥത്തിൽ, ലോകമാകെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാപനം കേരളത്തിലുണ്ടെന്നത് ഇവിടെ ചർച്ചാ വിഷയമാകുന്നത് ഇപ്പോഴാണെന്നത് കൗതുകമാണെന്ന് കമ്പനി തീരുമാനത്തിൽ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസെന്നും കമ്പനിക്ക് 5070 കോടി രൂപ വാർഷിക വിറ്റുവരവുള്ളതായും അദ്ദേഹം അറിയിച്ചു.