ന്യൂദല്‍ഹി- ദല്‍ഹിയില്‍ മാനസികാസ്വസ്ഥ്യമുള്ള മുസ്ലിം യുവാവിനെ തല്ലിക്കൊന്നത് ക്ഷേത്രത്തില്‍ പ്രസാദം കഴിച്ചെന്നാരോപിച്ചാണെന്ന് പോലീസ് വെളിപ്പെടുത്തി. ദല്‍ഹിയിലെ സുന്ദര്‍ നഗരി പ്രദേശത്താണ് ചൊവ്വാഴ്ച വികലാംഗനും മാനസിക വെല്ലുവിളി നേരിടുന്നയാളുമായ 26 കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്.
പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ പ്രസാദം കഴിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. മുഹമ്മദ് ഇസ്രാര്‍ എന്ന യുവാവ് വേദനയില്‍ കരയുമ്പോള്‍ ജനക്കൂട്ടത്തോട് സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നതാണ് വീഡിയോ. നിലവിളിക്കിടയിലും ജനക്കൂട്ടം ആക്രമണം തുടരുകയായിരുന്നു.
ദേഹമാസകലം മുറിവേറ്റ പാടുകളോടെ ചൊവ്വാഴ്ച വൈകുന്നേരം വീടിന് പുറത്ത് കിടക്കുന്ന നിലയിലാണ് മകനെ കണ്ടെത്തിയതെന്ന് യുവാവിന്റെ പിതാവ് അബ്ദുള്‍ വാജിദ് നല്‍കിയ പരാതിയില്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെ മോഷ്ടിച്ചെന്ന് ആരോപിച്ച് തൂണില്‍ കെട്ടിയിട്ട് വടികൊണ്ട് മര്‍ദ്ദിച്ചതായി ഇസ്രാര്‍ പിതാവിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം ഇസ്രാറിനെ വീട്ടിലേക്ക് കൊണ്ടുവന്നത് അയല്‍വാസികളില്‍ ഒരാളാണ്. അക്രമികളെക്കുറിച്ചുള്ള വിശദാംശങ്ങളും ഇയാള്‍ പിതാവിന് നല്‍കി.
ഗുരുതരമായി പരിക്കേറ്റ ഇസ്രാര്‍ പിന്നീട് മരണത്തിന് കീഴടങ്ങി.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സിസിടിവി ക്യാമറകളിലൂടെയും മൊബൈല്‍ ഫോണുകളില്‍ ചിത്രീകരിച്ച വീഡിയോകളിലൂടെയും പ്രതികളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിന് ഇരയായ യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും അക്രമികളുമായി ഏറ്റുമുട്ടിയപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.