ബംഗളൂരു- കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് അന്വേഷിക്കുന്ന സിസിബി സ്‌പെഷ്യൽ വിങ് രണ്ട് കോടിയുടെ വിലപിടിപ്പുള്ള വസ്തുക്കളും സ്വർണാഭരണങ്ങളും 76 ലക്ഷം രൂപയും പിടിച്ചെടുത്തതായി ബംഗളൂരു പോലീസ് കമ്മീഷണർ ബി.ദയാനന്ദ അറിയിച്ചു.കേസിൽ പ്രതിയായ ഹിന്ദുത്വ പ്രവർത്തക ചൈത്ര കുന്ദാപുരയിൽ നിന്നാണ് രണ്ട് കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തതെന്ന് ദയാനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
അറസ്റ്റിലായ സന്യാസി അഭിനവ ഹലശ്രീയുടെ ആശ്രമത്തിൽ നിന്ന് 56 ലക്ഷം രൂപ പിടിച്ചെടുത്തതായും ദയാനന്ദ പറഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്വാമിയുമായി ബന്ധപ്പെട്ട ഒരാളിൽ നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തു. എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കൃഷിഭൂമിക്ക് പാട്ടത്തുകയായി സ്വാമി 20 ലക്ഷം രൂപ അടച്ചതായും അത് തിരിച്ചുപിടിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. പ്രതികൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും ഇവരുടെ ജീവിതശൈലി അടുത്തിടെയാണ് മാറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ബി.ജെ.പി എം.എൽ.എ ടിക്കറ്റ് കുംഭകോണത്തിൽ 185 കോടി രൂപയുടെ ഇടപാടാണുള്ളതെന്ന് തനിക്ക് വിവരം ലഭിച്ചതായി വെളിപ്പെടുത്തിയ മൈസൂരിൽ നിന്നുള്ള കോൺഗ്രസ് വക്താവ് എം.ലക്ഷ്മണിന് നോട്ടീസ് അയക്കാനും സിസിബി ആലോചിക്കുന്നുണ്ട്. പതിനേഴു ടിക്കറ്റ് മോഹികളാണ് ചൈത്ര കുന്ദാപുരയുടെ തട്ടിപ്പിനിരയായത്.
ചൈത്ര കുന്ദാപുരയ്ക്ക് ബിജെപി ഉന്നത നേതൃത്വവുമായി നേരിട്ട് ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 72 പുതുമുഖങ്ങൾക്ക് ബിജെപി ടിക്കറ്റ് നൽകുകയും ദയനീയ പരാജയം നേരിടുകയും ചെയ്തിരുന്നു. ബി.ജെ.പി എം.എൽ.എ ടിക്കറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് കോടി രൂപ തട്ടിയതിന് ചൈത്ര കുന്ദാപുര ഉൾപ്പെടെയുള്ളവർക്കെതിരെ വ്യവസായി ഗോവിന്ദ് ബാബു പൂജാരി പരാതി നൽകിയതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്.
അഴിമതിയിൽ പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് കുന്താപുര അവകാശപ്പെട്ടിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. തന്റെ കേസിലെ പരാതിക്കാരനായ വ്യവസായി ഗോവിന്ദ ബാബു പൂജാരിയുടെ ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്ന് കുന്ദാപുര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി സഹകരിക്കാനും അവർ സന്നദ്ധത അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു.