ന്യൂദല്‍ഹി- കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെട്ട നഴ്‌സുമാരെ മോചിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അധികൃതരുമായി സംസാരിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൈക്കുഞ്ഞുങ്ങളെ കാണാനും മുലയൂട്ടാനും ഉള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരില്‍ പിടിക്കപ്പെട്ട 60 അംഗ സംഘത്തില്‍ 34 ഇന്ത്യക്കാരാണുള്ളതെന്നും മന്ത്രി പറഞ്ഞു. മുലയൂട്ടുന്ന അമ്മമാരായ അഞ്ച് മലയാളി നഴ്സുമാർ അറസ്റ്റിലായവരിലുണ്ട്.
കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്തവരടക്കം പിടിയിലായത്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എന്നാൽ, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നാണ് ബന്ധുക്കൾ പറയുന്നത്. എല്ലാവർക്കും കാലാവധിയുള്ള വിസയും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പും ഉണ്ട്. പലരും മൂന്നു മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യക്കാർക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരാണ് പിടിയിലായത്.
ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയിൽ നടന്നിരുന്ന ആശുപത്രിയിൽ അടുത്തിടെ സ്പോൺസറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.