ബംഗളൂരു- കര്‍ണാടകയില്‍ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത സംഘ്പരിവാര്‍ നേതാവ് പുനീത് കേരഹള്ളിയെ മോചിപ്പിക്കാനും കേസ് പിന്‍വലിക്കാനും കര്‍ണാടക ആഭ്യന്തര വകുപ്പ് ബംഗളൂരു സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇയാളെ ക്രമസമാധാനത്തിന് ഭീഷണിയായതിനെ തുടര്‍ന്നാണ് ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ നിയമാനുസൃതമായ കാരണമില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംസ്ഥാന ഉപദേശക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അടുത്ത കാലത്തായി ഇതാദ്യമായാണ് ഒരാളെ തടങ്കലില്‍ വയ്ക്കണമെന്ന ആവശ്യം ഉപദേശക സമിതി തള്ളുന്നത്.
ഉത്തരവിനെ ചോദ്യം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് സിറ്റി പോലീസ് ഉടന്‍ തന്നെ നിയമോപദേശം തേടുമെന്ന് ബംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ ഉപദേശക സമിതിയുടെ തീരുമാനത്തോട് പ്രതികരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സ്വയം പ്രഖ്യാപിത പശു സംരക്ഷക സംഘമായ രാഷ്ട്രീയ രക്ഷ സേനയുടെ നേതാവാണ് പുനീത് കേരെഹള്ളി. കര്‍ണാടകയിലെ ഹാസന്‍ സ്വദേശിയാണെങ്കിലും നിലവില്‍ ജെ പി നഗര്‍ പ്രദേശത്താണ് താമസിക്കുന്നത്. 2013 നും 2023 നും ഇടയില്‍ 10 ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.
തീവ്ര സംഘ്പരിവാര്‍ കാഴ്ചപ്പാടുകള്‍ക്ക് പേരുകേട്ട പുനീത് കേരെഹള്ളി, സത്തനൂര്‍ ഗ്രാമത്തില്‍ കന്നുകാലി കടത്ത് ആരോപിച്ച് ഇദ്രീസ് പാഷ എന്ന മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. അറസ്റ്റ് ഒഴിവാക്കാനായി നാടുവിട്ട് ഒളിവില്‍ പോയ ഇയാളെ ഏപ്രില്‍ അഞ്ചിനാണ് രാജസ്ഥാനില്‍ അറസ്റ്റ് ചെയ്തത്. മെയ് 16 ന് ജാമ്യം ലഭിച്ചു.
ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രകോപനപരമായ കുറ്റകരമായ വര്‍ഗീയ പോസ്റ്റുകള്‍ പുനീത് തുടര്‍ന്നു. ക്രമസമാധാനത്തിന് ഭീഷണിയായതിനെ തുടര്‍ന്നാണ് ഗുണ്ടാ ആക്ട് പ്രകാരം ആഗസ്ത് 11 ന് വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തതെന്ന് സിറ്റി പോലീസ് പറഞ്ഞു.