Sorry, you need to enable JavaScript to visit this website.

യു.ഡി.എഫിനെ കാത്തുനില്‍ക്കുന്നില്ല; മുസ്ലിം ലീഗ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

മലപ്പുറം-അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളുമായി മുസ്്‌ലിം ലീഗ് സജീവമായി.യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ മുസ്ലിം ലീഗ് സ്വന്തം പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.ഇതിന്റെ ഭാഗമായി മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാറുള്ള പൊന്നാനി,മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളില്‍ വിപുലമായ യോഗങ്ങള്‍ നടന്നു.മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്ന വയനാട് മണ്ഡലത്തിന്റെ യോഗവും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ പാര്‍ട്ടി ഭാരവാഹികളുടെ യോഗം കഴിഞ്ഞ ദിവസം തിരൂരിലാണ് നടന്നത്.പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി സംവിധാനത്തെ കൂടുതല്‍ പ്രവര്‍ത്തന നിരതമാക്കുന്നതിനുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ ഉണ്ടായത്.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ നിര്‍ദേശം നല്‍കി.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ യോഗം മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.ബൂത്ത് തലം തൊട്ട് പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ആരെന്നത് സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല.പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ തന്നെ വീണ്ടും മല്‍സരിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്.പൊന്നാനിയില്‍ ഇത്തവണ ഇടതുപക്ഷം ശക്തനായ സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തുമെന്ന് സൂചനകളുണ്ട്.അത്തരമൊരു സാഹചര്യത്തില്‍ പരിചയ സമ്പന്നനും ജനസമ്മതനുമായ ഒരാള്‍ തന്നെ മല്‍സരിക്കേണ്ടി വരുമെന്നതാണ് മുസ്്‌ലിം ലീഗ് കീഴ്ഘടകങ്ങളില്‍ നിന്നുള്ള വിശദീകരണം.ഒരു പരീക്ഷണത്തിന് ഇത്തവണ പൊന്നാനിയില്‍ ശ്രമം വേണ്ടെന്നും മുന്നറിയിപ്പുകള്‍ പ്രാദേശിക നേതാക്കള്‍ നല്‍കുന്നുണ്ട്.
മലപ്പുറം ലോക് സഭാ മണ്ഡലത്തിലാകട്ടെ കാര്യങ്ങള്‍ കുറെ കൂടി സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍.സിറ്റിംഗ് എം.പി. അബ്്ദുസമദ് സമദാനി തന്നെ വീണ്ടും മല്‍സരിച്ചേക്കും.അതേസമയം,ഇത്തവണ മലപ്പുറത്ത് യുവാക്കളായ നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
മണ്ഡലം തലത്തില്‍ നടന്ന യോഗങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ബൂത്തുകളിലും മറ്റു കീഴ് ഘടകങ്ങളിലും പ്രവര്‍ത്തനം സജീവമാക്കാനാണ് അണികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.പാര്‍ട്ടി വോട്ടുകളും മുന്നണി വോട്ടുകളും ഉറപ്പാക്കുന്നതിനൊപ്പം പാര്‍ട്ടി എം.പിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കുന്നതിനും പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.മണ്ഡലങ്ങളില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്നത് സംബന്ധിച്ച് മണ്ഡലം ഭാരവാഹികളില്‍ നിന്ന് അടുത്ത ഘട്ടത്തില്‍ സംസ്ഥാന നേതൃത്വം അഭിപ്രായം തേടും.

 

Latest News