മംഗളൂരു- കര്‍ണാടകയില്‍ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയെ വഞ്ചിച്ച കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തക ചൈത്ര കുന്ദാപുരയെയും മറ്റ് ആറ് പേരെയും ബംഗളൂരു സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലയിലെ ബൈന്ദൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്താണ് വ്യവസായിയെ വഞ്ചിച്ചതെന്ന് പോലീസ് പറഞ്ഞു.
ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിന് സമീപത്ത് നിന്നാണ് സിസിബി സംഘം ചൈത്രയേയും മറ്റ് ആറ് പ്രതികളെയും കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ബംഗളൂരുവില്‍ ഹോസ്പിറ്റാലിറ്റി, കാറ്ററിംഗ് ബിസിനസുകള്‍ നടത്തുന്ന ബൈന്ദൂര്‍ സ്വദേശി ഗോവിന്ദ ബാബു പൂജാരിയില്‍നിന്ന് മുഖ്യപ്രതി ചൈത്ര കുന്ദാപുരയും മറ്റ് പ്രതികളും ചേര്‍ന്ന് അഞ്ച് കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് പരാതി.
സെപ്തംബര്‍ എട്ടിന് ബംഗളൂരുവിലെ ബന്ദേപാളയ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ പൂജാരി, ബൈന്ദൂരിലെ സംഘ് വളണ്ടിയറായ പ്രസാദാണ് മുഖ്യപ്രതിയെ പരിചയപ്പെടുത്തിയതെന്ന് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആര്‍എസ്എസ്, ബിജെപി നേതൃത്വങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ചൈത്ര കുന്ദാപുര, 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൈന്ദൂരില്‍ നിന്ന് മത്സരിക്കുന്നതിന് തനിക്ക് ടിക്കറ്റ് നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ഇവര്‍ വ്യവസായിയെ വിവിധ വ്യക്തികളുടെ അടുത്തേക്ക് കൊണ്ടുപോയി. മൂന്ന് ഘട്ടങ്ങളിലായാണ് ഭീമമായ തുക നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.
ചൈത്ര കുന്ദാപുരയും മറ്റ് പ്രതികളും തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രതികള്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ജനപ്രിയ മുഖമാണ് ചൈത്ര കുന്ദാപുര, പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ അവര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ നിരവധി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ക്രിമിനല്‍ വിശ്വാസ ലംഘനം, ഭീഷണിപ്പെടുത്തല്‍, വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.