Sorry, you need to enable JavaScript to visit this website.

ജിയാ ഖാന്റെ മാതാവിന് അല്ലാഹു മറുപടി നല്‍കുമെന്ന് സറീന വഹാബ്

മുംബൈ-നടി ജിയാ ഖാന്റെ ആത്മഹത്യാ കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ കോടതി കുറ്റവിമുക്തനാക്കിയതില്‍ പ്രതികരിച്ച് സൂരജിന്റെ മാതാവ് സറീന വഹാബ്. നീതി നടപ്പിലായെന്നും ആശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
അതേസമയം, 2013 ല്‍ ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിയമയുദ്ധം തുടരുമെന്നാണ് ജിയാഖാന്റെ മാതാവ് റാബിയാ ഖാന്‍ പ്രതികരിച്ചത്. മകള്‍ക്ക് നീതി ലഭിക്കുന്നതിനായി നിയമയുദ്ധത്തിന്റെ ഏതറ്റംവരെയും പോകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ അല്ലാഹുവില്‍ ഏല്‍പിച്ചിരിക്കുന്നുവെന്നും അവന്‍ മറുപടി നല്‍കുമെന്നുമാണ് ഇതിന് സറീന വഹാബ് മറുപടി നല്‍കിയത്.
മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ നടനെ കുറ്റവിമുക്തനാക്കിയത്. 2013 ജൂണ്‍ മൂന്നിനാണ് മുംബൈയിലെ ഫ് ളാറ്റിലാണ്   ജിയാ ഖാനെ മരിച്ച നിലയില്‍കണ്ടെത്തിയത്.
ജിയാ ഖാന്‍ ആത്മഹത്യ ചെയ്തതല്ലെന്നും പഞ്ചോളിക്കുമേല്‍ കൊലപാതക കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് റാബിയ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ഉള്‍പ്പെടെയുള്ള കോടതികള്‍ക്ക് മുമ്പാകെ ഹരജികള്‍ സമര്‍പ്പിച്ചിരുന്നു.
2019 ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ജിയാ ഖാന്റെ മാതാവും സഹോദരിമാരുമടക്കം 22 സാക്ഷികളെയാണ് സിബിഐ ചോദ്യം ചെയ്തത്. കൊലപാതകത്തിന് തെളിവില്ലെന്നും ജിയാ ഖാന്‍ ആത്മഹത്യ ചെയ്തതാണെന്നുമാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമാക്കിയത്. ജിയ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മുംബൈ പോലീസിന്റെയും കണ്ടെത്തല്‍. എന്നാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി  ജിയയുടെ മാതാവ് റാബിയ ഖാന്‍ കോടതിയെ സമീപിച്ചതോടെയാണ് സിബിഐ കേസ് ഏറ്റെടുത്തത്.
പഞ്ചോളിക്കു മേല്‍ ചുമത്തിയ കുറ്റമൊന്നും തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രശാന്ത് പാട്ടീല്‍ പറഞ്ഞു. ജിയാ ഖാനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് പഞ്ചോളിയാണെന്ന് ഒരു സാക്ഷിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ജിയാ ഖാനുമായുള്ള ബന്ധം പഞ്ചോളി വേര്‍പെടുത്തിയതിനെ തുടര്‍ന്നാണ് നടി ആത്മഹത്യ ചെയ്തതെന്നും അവരുടെ ബന്ധം അവസാനിപ്പിച്ചതായി സൂചിപ്പിച്ച് പൂച്ചെണ്ട് അയച്ചുവെന്നും സിബിഐ അവകാശപ്പെട്ടിരുന്നു. എന്നാല്‍, തെളിവുകളുടെ അപര്യാപ്തത കാരണം കോടതിക്ക് സൂരജ് പഞ്ചോളി കുറ്റക്കാരനാണെന്ന് കാണാന്‍ കഴിയില്ല, അതിനാല്‍ കുറ്റവിമുക്തനാക്കുന്നുവെന്ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിലെ ജഡ്ജി എ.എസ്.സയ്യിദ് പറഞ്ഞു.
ഈ മാസം ആദ്യം ക്രിമിനല്‍ നടപടി ചട്ടത്തിലെ 313ാം വകുപ്പ് പ്രകാരം കോടതി സൂരജ് പഞ്ചോളിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ 558 ചോദ്യങ്ങള്‍ക്ക് പഞ്ചോളി ഉത്തരം നല്‍കി. പരാതിക്കാരിയായ റാബിയയുടെ നിര്‍ദേശപ്രകാരം തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ജിയാ ഖാനുമായി ബന്ധത്തിലായിരിക്കുമ്പോള്‍ താന്‍ അവളെ ദുരുപയോഗം ചെയ്യാറുണ്ടെന്ന് സഹോദരി തെറ്റായ മൊഴി നല്‍കിയെന്നും പഞ്ചോളി അവകാശപ്പെട്ടിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News