ന്യൂദല്‍ഹി-സ്വവര്‍ഗ ദമ്പതിമാര്‍ക്ക് സാമൂഹിക അവകാശങ്ങള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും ഇന്‍ഷുറന്‍സ് പോളിസികളില്‍ നോമിനി ആയി പങ്കാളിയെ നിര്‍ദേശിക്കുന്നതിനും വഴിയൊരുക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് നിര്‍ദേശിച്ചു. അതേസമയം, സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കുന്ന കാര്യം പാര്‍ലമെന്റ് പരിഗണിക്കേണ്ടതാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീംകോടതിയും സ്വീകരിച്ചിരിക്കുന്നത്. സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ ലഭിക്കാത്തത് തങ്ങളുടെ മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കാരുടെ വാദം.
സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കാതെ തന്നെ മേല്‍പറഞ്ഞ സാമൂഹിക അവകാശങ്ങള്‍ ഇവര്‍ക്ക് എങ്ങനെ ലഭ്യമാക്കാം എന്നത് സംബന്ധിച്ച അടുത്ത ബുധനാഴ്ച അഭിപ്രായം അറിയിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കോടതി നിര്‍ദേശം നല്‍കി. സ്വവര്‍ഗ വിവാഹത്തിന് നിയമപരിരക്ഷ നല്‍കണോ എന്നത് നിയമനിര്‍മാണം സംബന്ധിച്ച വിഷയമാണെന്ന് കോടതി വ്യാഴാഴ്ചയും വ്യക്തമാക്കി. എന്നാല്‍, സ്വവര്‍ദ ദമ്പതിമാര്‍ക്ക് സാമൂഹിക സുരക്ഷ അവകാശങ്ങള്‍ എങ്ങനെ ലഭ്യമാക്കാമെന്നും അവരെ ആരും തന്നെ അകറ്റി നിര്‍ത്തുന്നില്ലെന്നും ഉറപ്പു വരുത്തണമെന്നുമാണ് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞത്. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കേണ്ട വിഷയം ചര്‍ച്ച ചെയ്യേണ്ടത് കോടതി അല്ലെന്നും പാര്‍ലമെന്റ് ആണെന്നും കേന്ദ്ര നിയമമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ വാദം കേള്‍ക്കുന്ന ആറാം ദിവസം ഇത് നിയമനിര്‍മാണം സംബന്ധിച്ച വിഷയമാണെന്ന് ചീഫ് ജസ്റ്റീസ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
സ്വവര്‍ഗ പങ്കാളികളെ അംഗീകരിക്കുന്നു എന്ന് പറയുമ്പോള്‍ അത് എല്ലാത്തരത്തിലുമുള്ള അംഗീകാരം ആയി മാറുന്നില്ല. മറ്റു വിവാഹിതര്‍ക്കു ലഭിക്കുന്ന തുല്യമായ അംഗീകാരമല്ല അവര്‍ക്കു ലഭിക്കുന്നത്. അംഗീകരിക്കുക എന്നാല്‍ അവര്‍ക്കു കൂടി ചില നേട്ടങ്ങളുടെ ഗുണഫലങ്ങള്‍ ഉണ്ടായിരിക്കുക എന്നതാണെന്ന ജസ്റ്റിസ് പി.എസ് നരസിംഹ ചൂണ്ടിക്കാട്ടി.
2018ല്‍ സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന വിധിക്ക് ശേഷം നിരവധി പേര്‍ തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി മുന്നോട്ടു വരുന്നുണ്ട്. ആ നിലയ്ക്ക് അവരുടെ പ്രതിദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ടതാണെന്ന് ജസ്റ്റീസ് എസ്.കെ കൗളും ചൂണ്ടിക്കാട്ടി. ലിവ് ഇന്‍ ബന്ധങ്ങളിലും സമാനമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ട്, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ക്കു മുന്നില്‍ നിരവധി പ്രതിബന്ധങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശങ്ങളോട് സഹകരിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയമപരമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. സ്വവര്‍ഗ ദമ്പതിമാര്‍ക്ക് പ്രത്യേക പദവികളൊന്നും നല്‍കേണ്ടതില്ലെന്നും അവര്‍ക്കു മുന്നിലുള്ള പ്രതിബന്ധങ്ങള്‍ നീക്കിയാല്‍ മതിയെന്നും ജസ്റ്റീസ് സഞ്ജീവ് ഭട്ട് പറഞ്ഞു. ഹരജികളില്‍ സുപ്രീംകോടതി മേയ് മൂന്നിന് വീണ്ടും വാദം കേള്‍ക്കും.