മാള്‍ഡ- പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ തോക്കുമായി ക്ലാസ് മുറിയില്‍ കയറിയ യുവാവിനെ കീഴടക്കാന്‍ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ പത്രക്കാരന്റെ വേഷമിട്ടു. പോലീസ് യൂനിഫോമിലെത്തിയ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അസ്ഹറുദ്ദീന്‍ ഖാനാണ് നാടകീയമായി തോക്കുധാരിയെ കീഴ്‌പ്പെടുത്തിയത്.
മുച്ചിയ ചന്ദ്രമോഹന്‍ ഹൈസ്‌കൂളിലായിരുന്നു സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന തിങ്ങിനിറഞ്ഞ ക്ലാസ് മുറിയിലേക്ക് തോക്കുധാരിയായ യുവാവ് അതിക്രമിച്ച് കയറുകയായിരുന്നു. തോക്ക് പിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രോശിച്ച ഇയാള്‍ അവരെയും ക്ലാസ് ടീച്ചറെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ദേവ് ബല്ലവ് എന്നയാളാണ് പിസ്റ്റളുമായി ക്ലാസ്മുറിയില്‍ കയറിയത്. ഇയാള്‍ ഒരു കൈയില്‍ തോക്കു പിടിച്ചു പത്രം വായിച്ചിരുന്നപ്പോള്‍ അധ്യാപകരും സ്‌കൂള്‍ കുട്ടികളും പേടിച്ചരണ്ടു.
സ്‌കൂള്‍ അധികൃതര്‍ അറിയിച്ചയുടന്‍ പോലീസ് സൂപ്രണ്ട് പ്രദീപ് കുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്‌കൂളിലെത്തിയിരുന്നു. തോക്കുധാരി തനിച്ചാണെങ്കിലും ചുറ്റും പോലീസ് യൂണിഫോമില്‍ ആരെയെങ്കിലും കണ്ടാല്‍ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ നടപടി എളുപ്പമായിരുന്നില്ല.
അപകടകരമായ സാഹചര്യത്തില്‍ കൊല്‍ക്കത്ത സ്വദേശിയും മാള്‍ഡ ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ അസ്ഹറുദ്ദീന്‍ ഖാന്റെ മനസ്സില്‍ തന്ത്രം ഉദിക്കുകയായിരുന്നു. പോലീസ് യൂണിഫോം അഴിച്ചുമാറ്റിയ അദ്ദേഹം സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന ഒരാളോട് വസ്ത്രം വാങ്ങി അത് ധരിച്ചു. പത്രക്കാരനെന്ന പേരില്‍ ക്ലാസില്‍ കയറിയ അസ്ഹറുദ്ദീന്‍
ബല്ലവുമായി സംസാരിക്കുന്നതിനിടയില്‍ മറ്റൊരു സബ് ഇന്‍സ്‌പെക്ടറുടെ സഹായത്തോടെ ബല്ലവിനെ കീഴടക്കി ആയുധം പിടിച്ചെടുത്തു.
തങ്ങളുടെ കുട്ടികളെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയ ധീരനായ പോലീസുകാരനെ മാതാപിതാക്കള്‍ പ്രശംസിച്ചു.
ഒരേയൊരു മുന്‍ഗണന ആ കുട്ടികളെയെല്ലാം സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. ഏതെങ്കിലും അമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടാല്‍ എനിക്ക് എന്നോട് തന്നെ ക്ഷമിക്കാന്‍ കഴിയില്ല-വിജയകരമായ ദൗത്യത്തിനുശേഷം അസ്ഹറുദ്ദീന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
#WATCH | Malda, WB | A gun-wielding man, Deb Ballabh, tried to hold hostage students in a classroom of Muchia Anchal Chandra Mohan High School. He was later overpowered & arrested by Police. No one was injured in the incident. A police probe is underway
— ANI (@ANI) April 26, 2023
(Note: Abusive language) pic.twitter.com/86OU8Cw8Np