കൊച്ചി- നമ്മള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതെന്ന് നടി നിഖില വിമല്‍. ചോദ്യങ്ങള്‍ക്ക് ഉത്തരമായി നല്‍കുന്നത് തനിക്ക് പറയാനുള്ള കാര്യങ്ങളാണെന്നും സോഷ്യല്‍ മീഡിയിലുണ്ടാകുന്ന അനാവശ്യ ചര്‍ച്ചകളില്‍ താല്‍പര്യമില്ലെന്നും നിഖില വിമല്‍ പറഞ്ഞു.
കണ്ണൂരിലൊക്കെ മുസ്‌ലിം വിവാഹങ്ങളില്‍ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന നിഖില വിമലിന്റെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ബീഫുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശം എന്തിനാണ് അത്രയും ചര്‍ച്ചയായതെന്ന് അറിയില്ല. മമ്മൂക്കയെ നോക്കി ഇരിക്കുന്ന ഒരു ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനുമുമ്പും ശേഷവും അത്തരം എത്രയോ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.
വുമണ്‍ സെന്‍ട്രിക്കെന്ന പേരില്‍ സിനിമയെ പ്രമോട്ട് ചെയ്യുന്നത് ശരിയല്ല. ആ വാക്ക് തന്നെ ശരിയാണോ എന്ന് സംശയമുണ്ട്. കാരണം വുമണ്‍ സെന്‍ട്രിക് സിനിമ എന്ന് പറയുമ്പോള്‍ തന്നെ അതിനെ ഒരു വിഭാഗത്തിലേക്ക് മാറ്റി നിര്‍ത്തുകയാണ്. സ്ത്രീയുടെ കഥയും ഇവിടെ ചര്‍ച്ച ചെയ്യണമെന്ന നിലയിലാണ് ആ സിനിമകള്‍ കാണേണ്ടത്. മെയില്‍ സെന്‍ട്രിക്' സിനിമ എന്ന പേരില്‍ ഇവിടെ ആരും സിനിമയെ പ്രമോട്ട് ചെയ്യുന്നത് കണ്ടിട്ടില്ലെന്നും നിഖില വിമല്‍ പറഞ്ഞു.
മെയിന്‍ കഥാപാത്രം താനാണോ എന്ന് നോക്കിയല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. തനിക്ക് ചുറ്റുമുള്ള കഥാപാത്രങ്ങള്‍ക്കും ആ സിനിമയില്‍ മികച്ച രീതിയില്‍ അഭിനയിക്കാന്‍ സാധിക്കാറുണ്ടോ എന്ന് നോക്കിയാണ് അത്തരം സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. വുമണ്‍ സെന്‍ട്രിക് സിനിമകളില്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളെയാണ് കാണാന്‍ സാധിക്കുക. വളരെ സന്തോഷത്തോടെ ജീവിക്കുന്ന സ്ത്രീയും അവര്‍ക്കുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളുമൊക്കെ സിനിമയാക്കാന്‍ സാധിക്കും. അത് എന്തുകൊണ്ടോ സംഭവിക്കുന്നില്ല. ചില സിനിമ വരുമ്പോള്‍ സ്ത്രീ കേന്ദ്രീകൃത സിനിമയാണ് എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ അതിനെ മാറ്റി നിര്‍ത്തും. അതുകൊണ്ട് തന്നെ അത്തരം സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും നിഖില വിമല്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)