പട്‌ന-ഉത്തര്‍പ്രദേശില്‍ പോലീസ് സാന്നിധ്യത്തില്‍ കൊലപ്പെടുത്തിയ മുന്‍ എം.പി അതീഖ് അഹമ്മദിനും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനും അനുകൂലമായി ബിഹാറില്‍ മുദ്രാവാക്യം വിളി. യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തിയ ഗൂഡാലോചനയാണ് ഇവരുടെ കൊലയെന്ന് മുദ്രാവാക്യം മുഴക്കിയവര്‍ ആരോപിച്ചു.
പട്‌ന ജംഗ്ഷനു സമീപമുള്ള ജുമാ മസ്ജിദില്‍ നമസ്‌കരിക്കാനെത്തിയവരില്‍ ഒരു വിഭാഗമാണ് രക്തസാക്ഷികളായ ആതിഖും അഷ്‌റഫും ആതിഖിന്റെ മകന്‍ അസദും നീണാള്‍ വാഴട്ടെയെന്ന മുദ്രാവാക്യം വിളിച്ചത്. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് ആകളുകള്‍ പുറത്തിറങ്ങിയപ്പോഴാണ് ഒരു സംഘം റോഡിലെത്തി മുദ്രാവാക്യം വിളിച്ചു തുടങ്ങിയത്. കേന്ദ്ര, യു.പി സര്‍ക്കാരുകള്‍ക്കെതിരെ ഇവര്‍ മുദ്രാവാക്യം മുഴക്കി.
ആതിഖിന്റേയും അഷ്‌റഫിന്റേയും അസദിന്റേയും കൊലപാതകങ്ങളുടെ ഉത്തരവാദിത്തം യോഗി സര്‍ക്കാരിനാണെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ റഈസ് ഗസ്‌നവി പറഞ്ഞു. ക്രിമിനലുകളെ ഉപയോഗിച്ച് ആസൂത്രിതമായി കൊലപാതകം നടത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും യു.പി പോലീസും മാധ്യമങ്ങളും കോടതിയും ഈ ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന് അദ്ദേഹം പറഞ്ഞു.
ആതിഖ് ക്രിമിനലായിരുന്നില്ലേ എന്ന ചോദ്യത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കില്‍ എതിര്‍പ്പുണ്ടാകില്ലെന്നായിരുന്നു മറുപടി. ശഹീദ് ആതിഖ് അഹമ്മദിന്റേയും സഹോദരന്റേയും രക്തസാക്ഷിത്വം സ്വീകരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)