ന്യൂദല്‍ഹി-മുന്‍ എം.പി അതീഖ് അഹമ്മദിനേയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനേയും കൊലപ്പെടുത്തിയത് മഹാത്മാഗാന്ധിയുടെ ഘാതകതനായ ഗോഡ്‌സെയുടെ കാല്‍പാടുകള്‍ പിന്തുടരുന്നവരാണെന്നും അവരെ തടഞ്ഞില്ലെങ്കില്‍ കൂടുതല്‍ പേരെ കൊല്ലുമെന്നും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി.
ആതിഖ് സഹോദരന്മാരെ കൊലപ്പെടുത്തിയ മൂന്ന് പ്രതികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എന്തുകൊണ്ട് യുഎപിഎ ചുമത്തുന്നില്ലെന്ന് ഉവൈസി ചോദിച്ചു. പോലീസ് കസ്റ്റഡിയിലുള്ളവരാണ് കൊല്ലപ്പെട്ടത്. അവരെ കൊന്നവര്‍ തീവ്രവാദികളാാണ്. അവരുടെ തീവ്രവാദ മൊഡ്യൂള്‍ കൂടുതല്‍ ആളുകളെ കൊന്നേക്കാം. എന്തുകൊണ്ടാണ് അവര്‍ക്കെതിരെ യുഎപിഎ ചുമത്താത്തത്? കൊലയാളികള്‍ക്ക് ആരാണ് ഓട്ടോമാറ്റിക് ആയുധങ്ങള്‍ നല്‍കിയത്? എട്ട് ലക്ഷം രൂപയുടെ ആയുധങ്ങള്‍ ആരാണ് അവര്‍ക്ക് നല്‍കിയത്- ഉവൈസി ചോദിച്ചു.
കഴിഞ്ഞ ശനിയാഴ്ച യുപിയിലെ പ്രയാഗ്‌രാജിലെ കോള്‍വിന്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേര്‍ ചേര്‍ന്ന് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും കൊലപ്പെടുത്തിയത്.
വെടിവയ്പ്പില്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച ഉവൈസി, സംഭവത്തെക്കുറിച്ച് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)