Sorry, you need to enable JavaScript to visit this website.

മാസപ്പിറവി വിവാദം; മതത്തിന്റെ അക്ഷര വായനയും ശാസ്ത്രബോധ നിരാകരണവും

Read More

ഇന്ന് ശവ്വാൽ ഒന്ന്, മർകസുദ്ദഅ്‌വയുടെ ന്യായങ്ങൾ...

ന്ന് (2023 ഏപ്രിൽ 21 വെള്ളി) ഹിജ്‌റ വർഷം 1444 ശവ്വാൽ 1 ആണെന്ന് മുജാഹിദ് പ്രസ്ഥാനത്തിലെ പ്രബല വിഭാഗമായ കെ.എൻ.എം മർകസുദ്ദഅവ വിശ്വസിക്കുകയും അക്കാര്യം പത്രമാധ്യമങ്ങളിലൂടെ പൊതുജനത്തെ മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. മറ്റു പലരും ഇന്ന് റമദാൻ 30 എന്ന് കരുതി നോമ്പു നോൽക്കുമ്പോൾ ഇന്ന് ശവ്വാൽ ഒന്ന് എന്ന് ഉറച്ച് വിശ്വസിക്കുകയും ഉറക്കെ പറയുകയും ചെയ്യുന്ന മർകസുദ്ദഅ്‌വ വിഭാഗക്കാർക്ക് ഇന്ന് നോമ്പില്ല. അതിന്റെ കാരണം അവർ പറയുന്നത് ശവ്വാൽ 1ന് നോമ്പു നോൽക്കൽ നിഷിദ്ധമായ അഞ്ച് ദിവസങ്ങളിൽ പെട്ട ഒരു ദിവസമാണെന്നാണ്. ദുൽഹജ്ജ് 10,11,12,13 എന്നിവയാണ് നോമ്പ് നോൽക്കൽ നിഷിദ്ധമായ മറ്റു ദിവസങ്ങൾ.

പിന്നെയുളളത് റമദാൻ 29ന് മാസം കാണാതെ എങ്ങനെയാണ് ശവ്വാൽ 1 നിർണയിക്കുക എന്നതാണ്. അതിനും ന്യായമുണ്ട്. അതിപ്രകാരം:
ആകാശ ഭൂമിയെ സൃഷ്ടിച്ച അന്നു മുതൽതന്നെ മാസങ്ങളുടെ എണ്ണം 12 ആണെന്ന് വിശുദ്ധ ഖുർആൻ 9/36 ൽ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. മുഹർറം മുതൽ തുടങ്ങുന്ന ഈ മാസങ്ങളിൽ ചിലത് 29ഉം ചിലത് 30ഉം ആണെന്ന് പ്രവാചകനും വ്യക്തമാക്കിയിട്ടുണ്ട്. മാസത്തിലെ 29-ാം ദിവസം സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ അൽപ സമയമെങ്കിലും ചന്ദ്രക്കലയുണ്ടെങ്കിൽ ആ മാസം 29ഉം അല്ലങ്കിൽ 30ഉം എന്നതാണ് പ്രവാചകൻ നൽകുന്ന സൂചന. ചന്ദ്രക്കല കണ്ടാൽ നോമ്പെടുക്കുക. ചന്ദ്രക്കല കണ്ടാൽ നോമ്പു മുറിക്കുക എന്ന നബിവചനം ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്.

പ്രവാചകന്റെ കാലത്തും ഈയടുത്ത കാലം വരെയും ഇക്കാര്യം അറിയാൻ ശഅബാനിലും, റമദാനിലും 29ന് ആകാശത്തേക്ക് നോക്കലല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അത്യാധുനിക യന്ത്രസംവിധാനങ്ങളിലൂടെയും ഗോളശാസത്രക്കണക്കിലൂടെയും ഇക്കാര്യം അറിയാനാകുന്നുണ്ട്. അങ്ങനെയാണ് ഇപ്രാവശ്യം റമദാൻ 29ന് സൂര്യാസ്തമയത്തിന് ശേഷം 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ ചന്ദ്രക്കല ചക്രവാളത്തിലുണ്ട് എന്ന് അറിയാനായത്. ഇത് പ്രകാരം ഇപ്രവശ്യം റമദാൻ 29 മാത്രമേ ഉള്ളൂ എന്ന കാര്യം വ്യക്തമായി.

വ്യക്തമായ ഒരു കാര്യം വീണ്ടും വ്യക്തമാകാൻ വേണ്ടി ആകാശത്ത് നോക്കി നഗ്‌ന നേത്രം കൊണ്ട് കാണുകയും വേണം എന്നത് മതത്തിന്റെ അക്ഷര വായനയാണ്. ശാസ്ത്രബോധ നിരാകരണമാണ്. അതിനാൽ ഇന്ന് ശവ്വാൽ ഒന്ന് ആണെന്നും അതിനാൽ ഇന്ന് നോമ്പു നോൽക്കരുതെന്നും പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇനി, മാസപ്പിറവി സംബന്ധിച്ച് കേരള മുസ്‌ലിംകൾ ഗ്രൂപ്പ് തിരിഞ്ഞ് കൈ കൊണ്ടിരുന്ന നിലപാടുകൾ ഇത:പര്യന്തം എന്താണെന്ന് നോക്കാം:

*ഒന്ന്,*  പല നാട്ടിലും പല ജാതി ഖാദിമാർ മതമേലാളന്മാരായി മതരംഗം കൈകാര്യ ചെയ്തിരുന്ന കാലമാണ് അതിലൊന്ന്. അതിൽ തൻ പോരിമാ ഖാദിമാർ മുതൽ അനുധാവന ഖാദിമാർ വരെയുണ്ടായിരുന്നു. നോമ്പും പെരുന്നാളും അനുഷ്ഠിക്കാൻ പാവം വിശ്വാസികൾ തങ്ങളുടെ നാട്ടിലെ ഖാദിമാർ മാസമുറപ്പിക്കുന്നതും നോക്കി പുലരുവോളം ഉറക്കമൊഴിച്ച് കാത്തിരുന്ന വിചിത്രാനുഭവ കാലം! രണ്ടോ മൂന്നോ കിലോമീറ്റർ മാത്രം വ്യത്യാസമുള്ള രണ്ട് നാടുകളിൽ വേറെ വേറെ ദിവസങ്ങളിൽ നോമ്പും പെരുന്നാളും ഉണ്ടായതിന് അമ്പത് കൊല്ലം മുമ്പേ ഇവിടെ ജീവിച്ചിരിക്കുന്നവർക്ക് ഒന്നിലധികം ഉദാഹരണങ്ങളും നേരറിവനുഭവങ്ങളുമുണ്ടാകും പറഞ്ഞു തരാൻ!

*രണ്ട്,* മാസപ്പിറവി വിഷയത്തിൽ നവോത്ഥാനത്തിന്റെ നവയുഗപ്പിറവി എന്ന് വിശേഷിപ്പിക്കാവുന്ന കാലഘട്ടമാണ് രണ്ടാമത്തേത്. ശാസ്ത്രം എന്നൊന്നുണ്ട് എന്ന് അനുഭവ ബോധ്യം വരാൻ വലിയവരും ചെറിയവരുമായ എല്ലാ ഖാദിമാരും നിർബന്ധിതമായ ഒരു നിലപാട് തറയുടെ കാലം. ശഅബാൻ 29, റമദാൻ 29 തുടങ്ങിയ 'മാസ' പ്രസക്തമാസങ്ങളിൽ സൂര്യൻ എപ്പോൾ അസ്തമിക്കുന്നു? ചന്ദ്രൻ എപ്പോൾ അസ്തമിക്കുന്നു? സൂര്യാസ്തമയ ശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടോ ഇല്ലയോ? ഉണ്ടെങ്കിൽ എത്ര മിനുറ്റ്? തുടങ്ങിയ ശാസ്ത്രിയ കണക്ക് ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട കലണ്ടറുകളിൽ അച്ചടിച്ചു വരാൻ തുടങ്ങിയ കാലം. ഖാദിക്കമ്മിറ്റി അപ്രസക്തമാകുകയും ഹിലാൽ കമ്മിറ്റി പ്രസക്തമാവുകയും ചെയ്ത സുവർണ കാലം. പല നാട്ടിൽ പല നാളിൽ പെരുന്നാൾ എന്ന അവസ്ഥക്ക് വലിയ തോതിൽ മാറ്റം വന്ന കാലം. (അപ്പോഴും ചില ഖാളിമാർ ചക്രവാളത്തിൽ ഇല്ലാത്ത 'മാസ'ത്തെ മാനത്ത് നോക്കി കണ്ടുപിടിച്ച് ഹാജരാക്കാൻ ആഹ്വാനം ചെയ്ത് സ്വയം വിവരക്കേട് പ്രദർശിപ്പിച്ച് ചെറുതാകാൻ തന്നെ തീരുമാനിച്ച വിരോധാഭാസവുമുണ്ടായി!)
ഏതായാലും ഏതെല്ലാം 29ന് മാസം എന്ന ഹിലാൽ സൂര്യാസ്തമയ ശേഷം ചക്രവാളത്തിൽ ഉണ്ട് / ഇല്ല എന്ന അവബോധം മത ബോധമായും ശാസ്ത്ര ബോധമായും ബഹുഭൂരിഭാഗം വിശ്വാസികളിലും മുദ്രിതമായി. നവോത്ഥാനത്തിന്റെ മധുര ഫലം. (പ്രതീക്ഷ പകർന്ന ഈ നവോത്ഥാനം പിന്നീട് ജഢത്വം ബാധിച്ച് ഖാദിമാരുടെ അരമനയിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങിയോ എന്ന കാര്യം ഗവേഷണ വിദ്യാർത്ഥികൾ കണ്ടെത്തട്ടെ!)

*മൂന്ന്,* അറബി മാസവും 29ന് മാനത്ത് നോക്കി ക്കൊണ്ട് തന്നെ, അതും നഗ്‌ന നേത്രം കൊണ്ട് നോക്കിക്കൊണ്ട് തന്നെ ഇരിക്കണമെന്നും കണക്കും കലണ്ടറും സ്വീകാര്യമല്ല എന്നും നബി(സ) നോക്കാനും കാണാനും പറഞ്ഞ സ്ഥിതിക്ക് ബൈനോക്കുലർ പോലും വെക്കാതെ നഗ്‌ന നേത്രം കൊണ്ട് മാനത്തേക്ക് നോക്കണമെന്നും പറഞ്ഞ് മതം ശാസ്ത്ര വിരുദ്ധമാണെന്ന് വരുത്തിത്തീർത്ത് യാഥാസ്ഥികതയിൽ മുഖം കുത്തി വീഴുകയോ യാഥാസ്ഥികതയിലേക്ക് പിൻ നടത്തം നടത്തുകയോ ചെയ്യുന്നവരാണ് മൂന്നാമതൊരു കൂട്ടർ. പാവം അക്ഷര വായനക്കാർ!

*നാല്,*  വാദ അതിവാദക്കാരാണ് മറ്റൊരു കൂട്ടർ. ഹദീസുകളിൽ സൂചിപ്പിക്കപ്പെട്ട, സൂര്യാസ്തമയ ശേഷം ചക്രവാളത്തിൽ നിലനിൽക്കുന്ന ചന്ദ്രക്കല (ഹിലാൽ) അല്ല ഇവരുടെ ന്യൂമൂൺ എന്നതും ശ്രദ്ധിക്കേണ്ട അബദ്ധം തന്നെയാണ്. ലോകത്തൊരിടത്ത് എല്ലാ മാസവും ഉണ്ടാകുന്ന ന്യൂമൂൺ എന്ന മാസമാറ്റത്തെ ലോകത്തെല്ലാവരും അംഗീകരിച്ചാൽ നോമ്പും പെരുന്നാളും ഏകീകരിക്കാം എന്നാണിവരുടെ വാദത്തിന്റെ ആകെത്തുക. എന്നിട്ട് സംഭവിക്കുന്നതോ? തികച്ചും സാമൂഹ്യ മാനങ്ങളുളള പെരുന്നാൾ നമസ്‌കാരം പോലും മുഖ്യധാരയിൽ നിന്ന് വേർപെട്ട് 10ഓ 40ഓ ആളുകളെയും കൂട്ടി ഏതെങ്കിലും ഓഡിറ്റോറിയത്തിൽ പെരുന്നാളാഘോഷിച്ച് സായൂജ്യമടയുന്നു ഇക്കൂട്ടർ.

*അഞ്ച്,* സൂര്യനും ചന്ദ്രനും നിർണിതമായ കണക്കനുസരിച്ചാണ് നിലകൊള്ളുന്നത്* എന്നത് വിശുദ്ധ ഖുർആന്റെ ഖണ്ഡിതമായ പ്രഖ്യാപനമാകയാൽ ആ കണക്കിനെ ശാസ്ത്രത്തിന്റെ ഏടാകൂടം എന്ന് പറഞ്ഞ് അവഗണിക്കാനാവുകയില്ല ഒരു വിശ്വാസിക്ക്.
29ന് ചക്രവാളത്തിൽ ചന്ദ്രക്കല (ഹിലാൽ) ഉണ്ടോ എന്ന് നോക്കാനും കാണാനും പറഞ്ഞ പ്രവാചക വചനങ്ങളെയും ഒരു വിശ്വാസിക്ക് അവഗണിക്കാൻ പാടില്ലാത്തത് തന്നെ. പക്ഷെ, നോക്കണം കാണണം എന്ന് പറയുമ്പോൾ നബി പറഞ്ഞ ന്യായവും അതിനോട് നാം ചേർത്ത് വെച്ച് മനസ്സിലാക്കണം. 'നാം നിരക്ഷരരായ ഒരു സമുദായമാണ് നമുക്ക് എഴുത്തും കണക്കും അറിയില്ല' എന്ന നബി വചനത്തെ നാം അടർത്തി മാറ്റിവെക്കരുത്. (ഇതിന്റെ അർത്ഥം മുസ്‌ലിംകൾ കാലാകാലം നിരക്ഷരകുക്ഷികളായി കഴിയേണ്ടവരാണെന്ന് മതത്തിന്റെ അക്ഷര വായനക്കാർ പോലും പറഞ്ഞതായി ഇത് വരെ ശ്രദ്ധയിൽ പെട്ടിട്ടുമില്ല.) അഥവാ സൂര്യ ചന്ദ്രന്മാരുടെ കണക്കും കാര്യവും അന്നവർക്കറിഞ്ഞു കൂടായിരുന്നു. അതിനാൽ 29ന് നിർബന്ധമായും നഗ്‌ന നേത്രം കൊണ്ട് മാനത്ത് നോക്കി ചന്ദ്രക്കല ഉണ്ടോ ഇല്ലയോ എന്നുറപ്പു വരുത്തുകയല്ലാതെ അന്ന് വേറെ വഴിയില്ല. അപ്പോൾ മാസം നോക്കാൻ പറഞ്ഞത് അതവിടെയുണ്ടോ എന്ന് ബോധ്യപ്പെടാനാണ്. 

നഗ്‌ന നേത്രം കൊണ്ട് ആ വിധം നോക്കാതെ തന്നെ അക്കാര്യം കിറു കൃത്യമായി അറിയാനും ബോധ്യപ്പെടാനും ഇക്കാലത്ത് 'എഴുത്തും കണക്കും' വികസിച്ച ഇക്കാലത്ത് സാധിക്കുമെങ്കിൽ അപ്രകാരം ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട കലണ്ടറുകളെ അവലംബിച്ച് റമദാൻ 1ഉം ശവ്വാൽ 1ഉം ഉറപ്പിച്ച് അതനുസരിച്ച് നിലപാടെടുക്കുന്ന മതത്തോടും ശാസ്ത്രത്തോടും ഏറ്റവും അടുത്തു നിൽക്കുന്ന സമീപനമാണ് അഞ്ചാമത്തേത്. കൃത്യതയും വ്യക്തതയുമുളള ഈ നിലപാടാണ് നവോത്ഥാന പ്രസ്ഥാനമായ മർകസുദ്ദഅ്‌വക്കാർ സ്വീകരിച്ചത്. 
നവോത്ഥാന ഭൂമികയിൽ ഉറച്ച് നിന്ന് നിലപാടെടുത്തത് 
റമദാനിലെ ഒന്നാമത്തെ നോമ്പ് നഷ്ടപ്പെടാതിരിക്കാനും ശവ്വാൽ 1ന് നോമ്പ് നിഷിദ്ധമായ ദിവസം നോമ്പെടുക്കാതിരിക്കാനും മതാവബോധമുള്ള വിശ്വാസികൾക്ക് സാധിച്ചത് അഥവാ സാധിക്കുന്നത് മർകസുദ്ദഅ്‌വ വിഭാഗത്തിന്റെ ഈ നിലപാടു ഭൂമികയുടെ സുതാര്യത കൊണ്ടു തന്നെയാണ്.

*ചേർത്ത് വായിക്കാം :*
എല്ലാ അറബി മാസവും 13, 14, 15ലെ അയ്യാമുൽ ബീള് നോമ്പെടുക്കുന്നവരാരും മാസം കണ്ട് ബോധ്യപ്പെട്ടിട്ടല്ല ആ നോമ്പെടുക്കുന്നത്. 
പിന്നെയോ?
കലണ്ടറിലെ ഹിജ്‌റ മാസ തിയ്യതി കണ്ട് ബോധ്യപ്പെട്ടിട്ടാണ്. അതാകട്ടെ ശാസ്ത്രീയ കണക്കുകളെ ആധാരമാക്കിയിട്ടാണ്. ആ കണക്കാകട്ടെ നമുക്കെല്ലാം വിശ്വാസവുമാണ്.

അതിനാൽ,
ഇനിയുള്ള കാലത്ത് റമദാൻ 1 എപ്പോൾ എന്ന പ്രഖ്യാപനം നേരത്തെയുണ്ടാവണം. അപ്പോൾ ആരുടെയും നോമ്പ് നഷ്ടപ്പെടുകയില്ല. അത് ഹദീസിൽ സൂചി തമായ ഹിലാലിനെ ആസ്പദിച്ചാകണം. അപ്പോൾ ശവ്വാൽ 1 എന്ന് എന്ന പ്രഖ്യാപനവും ശാസ്ത്രീയമായി നേരത്തെ സാധ്യമാകും. അപ്പോൾ അന്നേ ദിവസം പെരുന്നാൾ ആഘോഷച്ചാലും ഇല്ലെങ്കിലും നോമ്പ് നിഷിദ്ധമായ ദിവസം നോമ്പ് നോൽക്കുക എന്ന ദുരവസ്ഥ വിശ്വാസികൾക്കുണ്ടാവുകയുമില്ല.
ഈയൊരു നവോത്ഥാന ഭൂമികയിലേക്ക് അധികം വൈകാതെ ചിന്താശീലർ എത്തുക ചെയ്യും എന്ന് മർകസുദ്ദഅ്‌വക്കാർക്ക് ശുഭാപ്തിവിശ്വാസമുണ്ട്.


 

Latest News