- കാപ്പാട് കടപ്പുറം കാഴ്ചകളിൽ ദുരൂഹത
കോഴിക്കോട് - ഫിത്വർ പെരുന്നാൾ വെള്ളിയാഴ്ചയാണെന്ന് ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു. നാളെ (ഏപ്രിൽ 20) വ്യാഴാഴ്ച ചന്ദ്രമാസത്തിന്റെ സമാപനമായതിനാൽ അമാവാസി (ന്യൂമൂൺ) സംഭവിക്കുമെന്നും അതിനാൽ സ്വഭാവികമായും ശവ്വാൽ ഒന്ന് വെള്ളിയാഴ്ചയായിരിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച കോഴിക്കോട് ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന ഈദ്ഗാഹുകൾ സംഘടിപ്പിക്കുമെന്നും പറഞ്ഞു. മാസപ്പിറവി വിഷയത്തെ കേവലം നോമ്പ് പെരുന്നാൾ പ്രശ്‌നമായിട്ടല്ല സംഘടന കാണുന്നത്. ഇസ്‌ലാമിന് ഇതിനെല്ലാം വളരെ കൃത്യവും കണിശവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകളുണ്ട്. അത് പഠിക്കാൻ സമൂഹം തയ്യാറാകണം. ശാസ്ത്രീയമായ ഒരു ഇസ്‌ലാമിക കലണ്ടർ സംവിധാനത്തെ, ഇല്ലാത്ത കാപ്പാട് കടപ്പുറം കാഴ്ചകളിലൂടെ അട്ടിമറിക്കുന്നതിനെതിരായ ബോധവത്കരണമാണ് കമ്മിറ്റി വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
സൂര്യാസ്തമയശേഷം കുറഞ്ഞത് 48 മിനുട്ടെങ്കിലും പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രൻ ഉണ്ടെങ്കിലേ നഗ്‌നനേത്രങ്ങൾ കൊണ്ട് ചന്ദ്രനെ കാണാൻ കഴിയുവെന്നതാണ് ശാസ്ത്രീയ യാഥാർത്ഥ്യം. ഇതിന് വിരുദ്ധമായി 48 മിനുട്ടിൽ കുറഞ്ഞ സമയത്തും ചന്ദ്രനെ കണ്ടുവെന്ന് അവകാശപ്പെട്ടാണ് ഖാദിമാരും പണ്ഡിതന്മാരും നോമ്പും പെരുന്നാളുകളും നിലവിൽ പ്രഖ്യാപിക്കുന്നത്. ഗോളശാസ്ത്രം ഉൾപ്പെടെ നിരവധി ശാസ്ത്രീയ യാഥാർത്ഥ്യങ്ങളിലേക്ക് മനുഷ്യന്റെ ശ്രദ്ധയെ ക്ഷണിക്കുന്ന വിശുദ്ധ ഖുർആനും പ്രവാചകചര്യയും തിയ്യതികൾ തീരുമാനിക്കുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുന്നതിന് ഒരിക്കലും എതിരല്ല. സൂര്യചന്ദ്ര ഗോളങ്ങളുടെ അനുസ്യൂതമായ ഒഴുക്കിൽ സ്വാഭാവികമായി സംഭവിക്കുന്ന കാലഗണനാ തിയ്യതികളെ സ്വന്തം വരുതിയിലാക്കാൻ ശ്രമിക്കുന്ന പണ്ഡിതന്മാരുടെയും നേതാക്കളുടെയും പരിഹാസ്യശ്രമങ്ങളെ വിശ്വാസി സമൂഹവും, പൊതുസമൂഹവും തള്ളിക്കളയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കാപ്പാട് കടപ്പുറത്ത് സ്ഥിരമായി 'മാസപ്പിറവി കാണുന്നത്' ദുരൂഹത വർധിപ്പിക്കുന്നുണ്ട്. മാസപ്പിറവി കണ്ടെന്ന പേരിൽ സ്ഥിരമായി റമദാൻ വ്രതവും പെരുന്നാളുകളും പ്രഖ്യാപിക്കുന്ന കേരളത്തിലെ ഖാദിമാരുടെയും പണ്ഡിതന്മാരുടെയും രീതി പ്രമാണവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണ്. ഏതെങ്കിലും ഖാദിമാരോ പണ്ഡിതന്മാരോ കേരളത്തിലെ വിവിധ സംഘടനകളുടെ നേതാക്കളോ പ്രവർത്തകരോ ആരും തന്നെ നേരിട്ട് പിറവി കണ്ടതായി അവകാശപ്പെട്ട് ഇതുവരെ രംഗത്തുവന്നിട്ടില്ല. അഥവാ അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ അവരെ മാധ്യമങ്ങൾക്ക് മുന്നിലോ ശാസ്ത്രസമൂഹത്തിന് മുന്നിലോ ഹാജരാക്കാനും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടുമില്ല. സർക്കാർ സ്ഥാപനമായ നാഷണൽ ഹൈഡ്രോഗ്രാഫിക്‌സ് ഓഫീസ് പ്രസിദ്ധീകരിക്കുന്ന നോട്ടിക്കൽ അൽമനാക്ക് അടിസ്ഥാനമാക്കിയുള്ള ചാന്ദ്രമാസ തിയ്യതികൾ ശാസ്ത്രീയമായതിനാൽ സർക്കാർ കലണ്ടറുകൾ പൊതുകലണ്ടറുകൾ എന്നിവയിൽ ആ തിയ്യതികൾ നല്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ ഹിജ്‌റ കമ്മിറ്റി ജനറൽ സെക്രട്ടറി പി.എസ് ഷംസുദ്ദീൻ, ട്രഷറർ ഡോ. കോയക്കുട്ടി ഫാറൂഖി, ജോ.സെക്രട്ടറി വി.പി ഫിറോസ്, സംസ്ഥാന പ്രവർത്തസമിതി അംഗം ടി അബ്ദുൽഷുക്കൂർ പങ്കെടുത്തു.