കോഴിക്കോട് - ശവ്വാൽ ഒന്ന് ഏപ്രിൽ 21 വെള്ളിയാഴ്ചയായിരിക്കുമെന്ന് കെ.എൻ.എം മർകസുദ്ദഅ്‌വയുടെ ക്രെസന്റ് വിംഗ് അറിയിപ്പ്.
ഖണ്ഡിതമായ ഗോളശാസ്ത്ര ഗണനപ്രകാരം 2023 ഏപ്രിൽ 20ന് (വ്യാഴം) കേരളത്തിന്റെ ചക്രവാളത്തിൽ സൂര്യാസ്തമയ ശേഷം 16 മിനുട്ട് ഹിലാൽ പിറയുടെ സാന്നിധ്യമുള്ളതിനാലും, മക്ക അടക്കമുള്ള ലോകത്തിലെ വിവിധ സമയ സോണുകളിൽ 20 മിനുട്ട് മുതൽ 40 മിനുട്ട് വരെ ഹിലാൽ പിറ കാണാൻ സാധ്യമാണെന്നതിനാലും ഏപ്രിൽ 21 (വെള്ളി) ശവ്വാൽ ഒന്ന് ആയിരിക്കുമെന്ന് മർകസുദ്ദഅ്‌വ ക്രെസന്റ് വിംഗ് അറിയിച്ചു.
എന്നാൽ, കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകൾക്കിടയിലുള്ള വീക്ഷണ വ്യത്യാസം നിമിത്തം പെരുന്നാൾ ദിനത്തിൽ മാറ്റമുണ്ടാകുകയാണെങ്കിൽ സാമൂഹികമായ ഐക്യം പരിഗണിച്ചാണ് പെരുന്നാൾ ആഘോഷിക്കേണ്ടതെന്നും സംഘടന അറിയിച്ചു.
ചെയർമാൻ, ക്രെസന്റ് വിംഗ് മർകസുദ്ദഅ്‌വ, ആർ.എം റോഡ് കോഴിക്കോട് എന്ന വിലാസത്തിൽ കെ.എൻ.എം ശാഖാ, മണ്ഡലം, ജില്ലാ തലങ്ങളിലാണ് സംഘടന മാസപ്പിറവി അറിയിപ്പ് സർക്കുലർ മുഖേന അറിയിച്ചത്.