ന്യൂദല്‍ഹി- മാവോയിസ്റ്റ് കേസില്‍ ദല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വീണ്ടും കേസ് പരിഗണിച്ച് നാലു മാസത്തിനകം തീര്‍പ്പു കല്‍പിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിച്ചു. വീണ്ടും റിമാന്‍ഡ് ചെയ്തു. പ്രതികളെ വിട്ടയച്ച ബെഞ്ചല്ല കേസ് വീണ്ടും പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദേശം നല്‍കി. മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കണം.
മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ അഭികല്‍പ് പ്രതാപ് സിംഗും സായിബാബക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്തും സുപ്രീം കോടതിയില്‍ ഹാജരായി.
2014ല്‍ അറസ്റ്റിലായി എട്ട് വര്‍ഷത്തിലേറെ പിന്നിട്ട ശേഷമാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14ന് ബോംബെ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കി ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
യുഎപിഎ, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ 2017ലെ ഉത്തരവിനെ ചോദ്യം ചെയ്ത് സായിബാബ സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് അംഗീകരിച്ചിരുന്നത്.
സായിബാബയെ കൂടാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മഹേഷ് കരിമാന്‍ ടിര്‍ക്കി, പാണ്ഡു പോര നരോട്ടെ (ഇരുവരും കര്‍ഷകര്‍), ഹേം കേശവദത്ത മിശ്ര (വിദ്യാര്‍ത്ഥി), പ്രശാന്ത് സാംഗ്ലിക്കര്‍ (പത്രപ്രവര്‍ത്തകന്‍), പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വിജയ് ടിര്‍ക്കി (തൊഴിലാളി) എന്നിവരെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അപ്പീല്‍ പരിഗണിക്കുന്നതിനിടെ നരോട്ടെ മരിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)