ലഖ്‌നൗ- മുന്‍ എം.പി ആതിഖ് അഹമ്മദും സഹോദരന്‍ ഖാലിദ് അസീം അഷ്‌റഫും കൊല്ലപ്പെട്ടതോടെ ഉത്തര്‍പ്രദേശ് പോലീസ് ആതിഖിന്റെ ഭാര്യ ഷായിസ്ത പര്‍വീണിനു പിന്നാലെ. ഉമേഷ് പാല്‍ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഇനി ആതിഖിന്റെ ഭാര്യ പിടിയിലാകണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഉമേഷ് പാലിന്റെയും രണ്ട് പോലീസ് അംഗരക്ഷകരുടേയും കൊലപാതകത്തിന് ശേഷം ഫെബ്രുവരി 26 മുതല്‍ ഷായിസ്ത പര്‍വീണ്‍ ഒളിവിലാണ്.
ഷായിസ്ത, അഷ്‌റഫിന്റെ ഭാര്യ സൈനബ് ഫാത്തിമ, ആതിഖിന്റെ സഹോദരി ഐഷ നൂരി, ഇവരുടെ പെണ്‍മക്കള്‍ എന്നിവരെല്ലാം ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളാണ്.
ഷായിസ്തയെ അറസ്റ്റ് ചെയ്യാനുതകുന്ന വിവരങ്ങള്‍ നല്‍കിയാല്‍ 50,000 രൂപ പാരിതോഷികം നല്‍കുമെന്ന് പോലീസ് പ്രഖ്യാപിച്ചിരുന്നു. ആതിഖിന്റെ ഏറ്റവും അടുത്ത സഹായികളിലൊരാളും ഉമേഷ് പാല്‍ വധക്കേസില്‍ അന്വേഷിക്കുന്ന പ്രതിയുമായ ബോംബാസ് ഗുഡ്ഡു മുസ്ലിമും ഒളിവിലാണ്. ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് പാരിതോഷികം. ഗുഡ്ഡു മുസ്ലിം ഉടന്‍ പോലീസിന്റെ വലയിലാകുമെന്ന് യു.പി എസ്ടിഎഫ് മേധാവി അമിതാഭ് യാഷ് അവകാശപ്പെട്ടു.
മകന്‍ അസദ്, ആതിഖ്, അഷ്‌റഫ് എന്നിവരുടെ കൊലപാതകത്തിന് ശേഷം ആതിഖിന്റെ ഭാര്യ ഷായിസ്ത പര്‍വീണ്‍ കീഴടങ്ങുമെന്ന് പ്രയാഗ്‌രാജ് പോലീസ് പ്രതീക്ഷിച്ചിരുന്നെങ്കിലും കീഴടങ്ങുകയോ അസദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്തില്ല. ഉമേഷ് പാലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അത്യാധുനിക ആയുധങ്ങള്‍ വാങ്ങിയത്, അക്രമികള്‍ക്കുള്ള പണമിടപാട്, എന്നിവയെക്കുറിച്ച് നിരവധി വിവരങ്ങള്‍ ഷായിസ്ത പര്‍വീണില്‍നിന്ന് കണ്ടെത്തുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ആതിഖ് സംഘം അത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചിരുന്ന ശൃംഖല തകര്‍ക്കാന്‍ ഷായിസ്തയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പോലീസ് പറയുന്നു.
ഉമേഷ് പാല്‍ വധത്തില്‍ അസദ്, ആതിഖ്, അഷ്‌റഫ് എന്നിവരുള്‍പ്പെടെ അര ഡസന്‍ പ്രതികള്‍ മരിച്ച സാഹചര്യത്തില്‍ സത്യത്തിന്റെ ചുരുളഴിയാനുള്ള ഒരേയൊരു പ്രധാന കണ്ണി ഷായിസ്ത മാത്രമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)