ജലൗണ്‍- ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയില്‍ 20 കാരിയായ യുവതിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്ന പ്രതിക്ക് പോലീസ് വെടിവെപ്പില്‍ പ്രതിക്ക് പരിക്കേറ്റു. പ്രതിയായ രാജ് അഹിര്‍വാര്‍ ജലൗണിലെ ഒറായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.
ബിഎ വിദ്യാര്‍ത്ഥിനിയായ റോഷ്‌നി അഹിര്‍വാറിനെ കോളേജില്‍ പരീക്ഷയെഴുതി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ നാടന്‍ തോക്കുപയോഗിച്ച് വെടിവെച്ചു കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് മൃതദേഹത്തിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
റോഷ്‌നിയുടെ ബന്ധുക്കള്‍ രാജിനെ പ്രതിയാക്കിയാണ് പരാതി നല്‍കിയത്. പോലീസ് പിടികൂടാന്‍ ചെന്നപ്പോള്‍ പ്രതി വെടിയുതിര്‍ത്തുവെന്നും പോലീസ് തിരിച്ചു വെടിവെച്ചുവെന്നും ജലൗണ്‍ പോലീസ് സൂപ്രണ്ട് ഇരാജ് രാജ പറഞ്ഞു. രാജിന് മുതുകില്‍ രണ്ട് വെടിയുണ്ടകള്‍ ഏറ്റുവെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും എസ്പി പറഞ്ഞു.
രാജും റോഷ്‌നിയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു.
ഒരേ ജാതിയില്‍ പെട്ടവരായതിനാല്‍ ബന്ധത്തില്‍ കുടുംബങ്ങള്‍ക്ക് എതിര്‍പ്പില്ലായിരുന്നു. വിവാഹത്തെ കുറിച്ച് വരെ സംസാരിച്ചിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് റോഷ്‌നി രാജുമായുള്ള ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു.
വേര്‍പിരിയല്‍ ദഹിക്കാതെ രാജ് റോഷ്‌നിയെ നിരന്തരം പിന്തുടര്‍ന്നു.
വേര്‍പിരിയല്‍ അംഗീകരിക്കാനാവാതെയാണ് രാജ് റോഷ്‌നിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും എസ്.പി പറഞ്ഞു.
പ്രയാഗരാജില്‍ പോലീസ് സാന്നിധ്യത്തില്‍ മുന്‍ എം.പി ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും വെടിയേറ്റ് മരിച്ചതിന് ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ സംഭവം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)