ന്യൂദല്‍ഹി- ഇന്ത്യയില്‍ യുപിഐ ഇടപാട് വഴിയുള്ള തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം. ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കേസുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം അറിയിച്ചു. 2022-23 കാലയളവില്‍ രാജ്യത്ത് 95,000ത്തിലധികം യുപിഐ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. 2020-21 കാലളവില്‍ കേസുകളുടെ എണ്ണം 77,000 ആയിരുന്നു. 2021-22ല്‍ ഇത് 84,000ത്തിലേക്ക് ഉയര്‍ന്നു. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 125 കോടിയിലധികം വിലമതിക്കുന്ന യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. മൂന്ന് വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്ത നേരിയ വര്‍ധനയാണിതെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐക്ക് ഇതിനോടകം തന്നെ വലിയ ആഗോള സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിംഗപ്പൂര്‍, യുഎഇ, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ യുപിഐ ഇടപാട് നടത്തുന്നവര്‍ ഏറെയുണ്ട്. ഡിജിറ്റല്‍ തട്ടിപ്പു കേസുകളെക്കുറിച്ചുള്ള രാജ്യസഭാ എംപി കാര്‍ത്തികേയ ശര്‍മയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍.
ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ തട്ടിപ്പുകാരുടെ നമ്പറുമായി ബന്ധിപ്പിക്കും. ശേഷം യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്തുന്ന വ്യക്തിയുടെ ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടായിരിക്കുമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാദ് പാര്‍ലമെന്റില്‍ പറഞ്ഞു. പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ രൂപീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)