നാസിക്- മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലെ പ്രശസ്തമായ ഗണേശ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്ഥലം ദര്‍ഗ കൈയേറിയെന്ന് ആരോപിച്ച് സംഘ് പരിവാര്‍ സംഘടനകള്‍. ഗംഗാപൂര്‍ റോഡില്‍ നഗരത്തിലെ ആനന്ദവല്ലി പ്രദേശത്ത് നവശ്യ ഗണപതി ക്ഷേത്രത്തിന് സമീപമാണ് ദര്‍ഗ സ്ഥിതി ചെയ്യുന്നത്. 1774ല്‍ രഘോബ പേഷ്‌വയും ഭാര്യ ആനന്ദിബായിയും ചേര്‍ന്നാണ് ക്ഷേത്രം നിര്‍മ്മിച്ചത്. ദര്‍ഗയും വളരെ പഴക്കമുള്ളതാണെന്നും വിശ്വസിക്കപ്പെടുന്നു.
രാഷ്ട്ര നിര്‍മാണ്‍ സന്‍സ്തയുടെ തലവനും സുദര്‍ശന്‍ ന്യൂസ് ചാനല്‍ എഡിറ്റുമായ സുരേഷ് ചവാങ്കെ വ്യാഴാഴ്ച ക്ഷേത്രം സന്ദര്‍ശിച്ചു.
അദ്ദേഹത്തിന്റെ സംഘടനയിലെ അംഗങ്ങളും ഹിന്ദു ഏകതാ ആന്ദോളന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ക്ഷേത്ര പരിസരം ചുറ്റിനടന്നു കണ്ടു. പാകിസ്ഥാനെ പിന്തുണക്കുന്ന ആരെങ്കിലും അല്ലെങ്കില്‍ ഏതെങ്കിലും മുസ്ലീം ഹിന്ദു ആരാധനാലയങ്ങള്‍ക്കും ഹിന്ദു പെണ്‍കുട്ടികള്‍ക്കും പ്രശ്‌നമുണ്ടാക്കിയാല്‍ അതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും ക്ഷേത്ര ഭൂമിയിലെ കയ്യേറ്റത്തിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കണമെന്നും ഹിന്ദു ഏകതാ ആന്ദോളന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാംസിംഗ് ബാവ്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും നല്‍കിയിട്ടില്ലെങ്കിലും എന്തെങ്കിലും ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് നാസിക് മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു.
ഒരു കൈയേറ്റവും വെച്ചുപൊറുപ്പിക്കില്ലെന്ന് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ചന്ദ്രകാന്ത് പുല്‍കുന്ദ്വാര്‍ പറഞ്ഞു.
വാണിജ്യപരമോ മതപരമോ ആയ ഏത് അനധികൃത നിര്‍മ്മാണത്തിനെതിരെയും തീര്‍ച്ചയായും നടപടിയെടുക്കും. എല്ലാ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും എന്‍എംസിക്ക് മുന്നില്‍ തുല്യമാണ്. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി ക്രമക്കേടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)