റിയാദ് - ഡ്യൂട്ടിക്കിടെ നമസ്‌കാരം നിര്‍വഹിച്ചതിന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൗദി യുവാവ് പരാതിപ്പെട്ടു. പ്രശസ്തമായ കോഫി ഷോപ്പിലെ ജീവനക്കാരനായ യുവാവാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നമസ്‌കാരം നിര്‍വഹിച്ചതിന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതിപ്പെട്ടത്. വിദേശിയായ മാനേജര്‍ നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ നിന്ന് തന്നെ വിലക്കുന്നതായി നേരത്തെ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയില്‍ യുവാവ് വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി വ്യക്തമാക്കുന്ന പുതിയ വീഡിയോ യുവാവ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. നമസ്‌കാരം നിര്‍വഹിച്ചതിന്റെ പേരിലാണ് തന്നെ പിരിച്ചവിട്ടതെന്ന് വീഡിയോയില്‍ യുവാവ് പറഞ്ഞു. നമസ്‌കാരം നിര്‍വഹിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ അഭിമാനിക്കുന്നു. നമസ്‌കാരത്തിനു പകരം ഇഹലോകത്തെ എന്തു സുഖസൗകര്യങ്ങളും ഒഴിവാക്കാന്‍ താന്‍ ഒരുക്കമാണ്. മൂന്നു മാസം ജോലിയില്‍ തുടര്‍ന്ന് മാതാവിന് ഹജ് നിര്‍വഹിക്കാന്‍ ആവശ്യമായ പണം സ്വരൂപിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. അറുപതുകാരിയായ മാതാവ് ഇതുവരെ ഹജ് കര്‍മം നിര്‍വഹിച്ചിട്ടില്ല. അടിച്ചമര്‍ത്തപ്പെട്ടതായി എനിക്ക് തോന്നുന്നു. ദാരിദ്ര്യത്തില്‍ ജീവിക്കുകയും ഫുട്പാത്തില്‍ കിടന്നുറങ്ങുകയും ചെയ്യേണ്ടിവന്നാല്‍ പോലും ഒരിക്കലും നമസ്‌കാരം ഉപേക്ഷിക്കില്ല - യുവാവ് വീഡിയോയില്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)