Sorry, you need to enable JavaScript to visit this website.

ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും; സുപ്രീം കോടതി പുതിയ ബെഞ്ച് രൂപീകരിക്കും

ന്യൂദല്‍ഹി-മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജികള്‍ പരിഗണിക്കാന്‍ ഉചിതമായ ഘട്ടത്തില്‍ പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
ബന്ധപ്പെട്ട ഹരജി നല്‍കിയ അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ ചീഫ് ജസ്റ്റിസ് ഡി വൈ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വിഷയം പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് പ്രതികരണം. ജസ്റ്റിസുമാരായ പി. നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.  ഉചിതമായ ഘട്ടത്തില്‍  ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഹേമന്ത് ഗുപ്ത, സൂര്യകാന്ത്, എം.എം. സുന്ദ്രേഷ്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജികളില്‍ ഓഗസ്റ്റ് 30 ന് നോട്ടീസ് നല്‍കിയിരുന്നത്.  ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ എന്നിവയെ വിഷയത്തില്‍ കക്ഷി ചേര്‍ക്കുകയും പ്രതികരണം തേടുകയും ചെയ്തു.
ഭരണഘടനാ ബെഞ്ചില്‍ ജഡ്ജിമാരായിരുന്ന ജസ്റ്റിസ് ബാനര്‍ജിയും ജസ്റ്റിസ് ഗുപ്തയും വിരമിച്ചതിനാലാണ് ബഹുഭാര്യത്വത്തെയും നിക്കാഹ് ഹലാലയെയും ചോദ്യം ചെയ്യുന്ന ഹരജികള്‍ കേള്‍ക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.
മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയവ മൂലം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍  ഭരണഘടനയുടെ 14, 15, 21 വകുപ്പുകളുടെ ലംഘനവും പൊതു ക്രമത്തിനും ധാര്‍മ്മികതയ്ക്കും ആരോഗ്യത്തിനും ഹാനികരമാണെന്നുമാണ് ഉപാധ്യായയുടെ ഹരജിയില്‍ പറയുന്നത്.
1937ലെ മുസ്ലീം വ്യക്തിനിയമ (ശരീഅത്ത്)ത്തിലെ സെക്ഷന്‍ 2 ഭരണഘടനാ വിരുദ്ധവും ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങളുടെ ലംഘനവുമാണെന്ന് പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
വ്യക്തിനിയമങ്ങളെക്കാള്‍ പൊതുനിയമത്തിന് പ്രാമുഖ്യം ലഭിക്കണമെന്നും    1860 ലെ ഐപിസി 498 എ പ്രകാരം മുത്തലാഖ് ക്രൂരതയാണെന്നും ഐപിസി സെക്ഷന്‍ 375 പ്രകാരം നിക്കാഹ്ഹലാല ബലാത്സംഗമാണെന്നും  ഐപിസി സെക്ഷന്‍ 494 പ്രകാരം ബഹുഭാര്യത്വം കുറ്റമാണെന്നും ഉപാധ്യായ ഹരജിയില്‍ പറഞ്ഞു.
2017 ഓഗസ്റ്റില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുത്തലാഖ്  സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News