Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലയില്‍ പ്രവാസി നിക്ഷേപത്തില്‍ 1435 കോടിയുടെ വര്‍ധന

മലപ്പുറം-ജില്ലയിലെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപത്തില്‍ വര്‍ധന തുടരുന്നു.കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ പ്രവാസികളുടെ നിക്ഷേപത്തില്‍ 1435 കോടി രൂപയുടെ വര്‍ധനവാണുണ്ടായിട്ടുള്ളത്.  മലപ്പുറത്ത് നടന്ന ജില്ലാ തല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്.
ജില്ലയില്‍ ഡിസംബര്‍ പാദത്തില്‍ 49865.74 കോടി രൂപയുടെ നിക്ഷേപമാണ് ആകെയുണ്ടായത്.കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ഇത് 49038.74 കോടിയായിരുന്നു. പ്രവാസി നിക്ഷേപത്തിലും വര്‍ധവുണ്ടായിട്ടുണ്ട്. 15478.64 കോടി രൂപയാണ് ഡിസംബര്‍ പാദത്തിലെ പ്രവാസി നിക്ഷേപം. കഴിഞ്ഞ പാദത്തില്‍ (സപ്തംബര്‍) ഇത് 14042.81 കോടി രൂപയായിരുന്നു.
ജില്ലയിലെ മൊത്തം വായ്പകള്‍ 31933.32 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 475.5 കോടി രൂപയുടെ വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ പാദത്തില്‍ 31457.82 കോടിയായിരുന്നു വായ്പ. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 64.04 ശതമാനമാണ്. കെ.ജി.ബി - 79.48 ശതമാനം, കാനറാബാങ്ക് - 70.61 ശതമാനം, എസ്.ബി.ഐ - 37.77 ശതമാനം, ഫെഡറല്‍ ബാങ്ക് - 28.41 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് - 42.19 ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ കൂടുതല്‍ ബ്രാഞ്ചുകളുള്ള ബാങ്കുകളിലെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ റേഷ്യേ 60 ശതമാനത്തില്‍ മുകളില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിലെ മലപ്പുറം ജില്ലയുടെ നേട്ടം 83 ശതമാനമാണ്. 16700 കോടി രൂപ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി 13879 കോടി രൂപയുടെ വായ്പകള്‍ നല്‍കി. വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരമുള്ള മുന്‍ഗണനാ മേഖലയിലെ നേട്ടം 86 ശതമാനമാണ്. മുന്‍ഗണനാ വിഭാഗത്തില്‍ 9597 കോടി രൂപയാണ് വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കിയത്.മറ്റു വിഭാഗങ്ങളില്‍ 4282 കോടി രൂപയുടെ വായ്പകളും നല്‍കി. കാര്‍ഷിക മേഖലയില്‍ 6463 കോടിയും ചെറുകിട വ്യവസായങ്ങള്‍ക്കായി 2136 കോടിയും മറ്റു മുന്‍ഗണനാ മേഖലയില്‍ 9966 കോടിയും വായ്പയായി നല്‍കിയിട്ടുണ്ട്. പട്ടിക വര്‍ഗക്കാര്‍ക്കായി 1503 കോടിയും ഇക്കാലയളവില്‍ നല്‍കിയതായി സമിതി വിലയിരുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി നടപ്പാക്കിയ 'സംരംഭക വര്‍ഷം'  പദ്ധതിയില്‍ ബാങ്കുകളുടെ മികച്ച സഹകരണം ഉണ്ടായതായും യോഗം വിലയിരുത്തി. ഇതിനോടനുബന്ധിച്ച് നടപ്പിലാക്കുന്ന 'വണ്‍ ഫാമിലി വണ്‍ എന്റര്‍പ്രൈസ്' എന്ന പദ്ധതിയിലേക്ക് അര്‍ഹരായ ഉപഭോക്താക്കളെ ഉള്‍പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാര്‍ അതിദരിദ്രരുടെ ഉന്നമനത്തിന് ലക്ഷ്യം വച്ച് അവരുടെ അവകാശ രേഖകള്‍ ലഭ്യമാക്കുന്നതിനായി ജില്ലയില്‍ നടത്തുന്ന എ.ബി.സി.ഡി ക്യാമ്പുകളില്‍ ബാങ്കുകളുടെ സേവനങ്ങള്‍ ലഭ്യമാക്കണമെന്നും, തൊഴില്‍രഹിതരെ  സഹായികുന്നതിന് നോര്‍ക്ക, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവര്‍ നടത്തുന്ന പദ്ധതികള്‍ അനുകൂലമായി പരിഗണിക്കാന്‍ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമൂഹത്തിലെ താഴെ തട്ടില്‍ ഉള്ളതും ഇടത്തരം സാമ്പത്തീക സ്ഥിതിയില്‍ ഉള്ളവരുമായ സാധാരണക്കാരെ ഉദേശിച്ച് കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷനും നല്‍കുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളായ പി.എം.ജെ.ജെബിവൈ, പിഎംഎസ്ബിവൈ, എപിവൈ എന്നിവ പരമാവധി ഉപഭോക്താക്കളിലെത്തിക്കാന്‍ ആര്‍.ബി.ഐയും എസ്.എല്‍.ബി.സി യും സംയുക്തമായി നടത്തുന്ന സുരക്ഷാ പദ്ധതിക്കും ജില്ലയില്‍ തുടക്കമായി.
 യോഗം  ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. 2023-24 സാമ്പത്തീക വര്‍ഷത്തേക്കുള്ള വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാശനവും ജില്ലാ കലക്ടര്‍ നിര്‍വ്വഹിച്ചു.
മലപ്പുറം എല്‍ഡിഎം പി.പി ജിതേന്ദ്രന്‍, തിരുവനന്തപുരം ആര്‍ബിഐ എല്‍ഡിഒ പ്രദീപ് കൃഷ്ണന്‍ മാധവ്, കനറാ ബാങ്ക് ഡി.എം, എ. അനുപ് കുമാര്‍, എസ്ബിഐ, കനറാ ബാങ്ക്, കേരള ഗ്രാമീണ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, മറ്റു ബാങ്കുകളുടെ പ്രതിനിധികള്‍,വിവിധ ഏജന്‍സികളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest News