ന്യൂദല്‍ഹി- ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളും സീറ്റുകളും അനുവദിക്കണമെന്ന യു.എ.ഇയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഗള്‍ഫ് വിമാനക്കമ്പനികള്‍ നിരന്തരം ആവശ്യപ്പെട്ടവരികയാണ്. ഈ സമയത്ത് യു.എ.ഇക്ക് കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കാന്‍ ആലോചിക്കുന്നില്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ യെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ വൈഡ് ബോഡി വിമാനങ്ങള്‍ കരസ്ഥമാക്കണമെന്നും നോണ്‍ സ്‌റ്റോപ്പ് അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ 50,000 സീറ്റ് കൂടി വര്‍ധിപ്പിക്കണമെന്നാണ് യു.എ.ഇ ആവശ്യപ്പെട്ടത്. നിലവില്‍ ആഴ്ചയില്‍ 65,000 സീറ്റുകളാണുള്ളത്. ഇത് വര്‍ധിപ്പിക്കണമെന്ന യു.എ.ഇയുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യ. രാജ്യത്തുള്ള വിമാനങ്ങളേക്കാള്‍ വിമാന യാത്രയ്ക്കുള്ള ആവശ്യം കൂടുതലാണ്. നിലവില്‍ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന ഗതാഗതത്തിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ഗള്‍ഫ് എയര്‍ലൈനുകളായ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങിയവയാണ്.
നഷ്ടപ്പെട്ട സര്‍വീസുകള്‍ വിദേശ വിമാനക്കമ്പനികളില്‍നിന്ന് തിരിച്ചുപിടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇതിനായാണ് കൂടുതല്‍ വൈഡ് ബോഡി വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ എയര്‍ലൈനുകളെ പ്രേരിപ്പിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)