മക്ക- ആദ്യ ഉംറ നിര്‍വഹിക്കാനെത്തിയ ഫോട്ടോകള്‍ പങ്കുവെച്ച് ടെലിവിഷന്‍ പ്രേക്ഷകരുട പ്രിയപ്പെട്ട താരമായ ഹിന ഖാന്‍. വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പുണ്യഭൂമിയിലെത്തിയ ഹിന ഖാന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലൂടെയാണ് തന്റെ സന്തോഷവും കാരുണ്യവാനോടുള്ള നന്ദിയും പങ്കുവെച്ചത്. ആദ്യ ഉംറയാണെന്ന അടിക്കുറിപ്പോടെയാണ് വെളുത്ത സ്യൂട്ടില്‍ തലയില്‍ ദുപ്പട്ട ധരിച്ചുകൊണ്ടുള്ള ഫോട്ടോ.
ജിദ്ദയില്‍നിന്ന് മക്കയിലേക്കുള്ള യാത്രയുടെ വീഡിയോയും പോസ്റ്റ് ചെയ്തു.
ആഡംബര ഹോട്ടലില്‍ താമസിക്കുന്ന നടി അതിന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
അഭിനയ രംഗത്ത് 14 വര്‍ഷം പൂര്‍ത്തിയാക്കിയ നടി യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ എന്ന ചിത്രത്തിലൂടെയാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
തുടര്‍ന്ന് ടിവിയിലും വെബ് ഷോകളിലും വിജയകരമായ നിരവധി വേഷങ്ങള്‍ ചെയ്തു. പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലിലും മറ്റ് അന്താരാഷ്ട്ര ഇവന്റുകളിലും ഹിന ഖാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സംഭവിച്ചതെല്ലാം ദൈവദാനമാണെന്നും ഒരു ഗോഡ്ഫാദര്‍ ഇല്ലാതെ ഈ മേഖയിലെത്തിയ തന്നെ പോലുള്ള ഒരാള്‍ക്ക് എല്ലാ അവസരങ്ങളും അനുഗ്രമാണെന്നും അതിനു നന്ദിയുള്ളവളാണെന്നുമാണ് ഹിന ഖാന്‍ ഈയിടെ അഭിമുഖത്തില്‍ പറഞ്ഞത്
വാരിക്കോരി നല്‍കിയതിന് അവര്‍ വിനോദ വ്യവസായത്തോട് നന്ദിപറഞ്ഞു.
പോരായ്മകള്‍ എപ്പോഴും അംഗീകരിക്കാറുണ്ടെന്നും നമ്മുടെ കുറവുകള്‍ എവിടെയാണെന്ന് കാണുകയും അത് മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. അതാണ് നമ്മെ മനുഷ്യരാക്കുന്നതെന്നും ഹിന ഖാന്‍ കൂട്ടിച്ചേര്‍ത്തു.