അഹമ്മദാബാദ്- യുവതിയെ ഭര്‍ത്താവില്‍നിന്ന് മോചിപ്പിച്ച് തനിക്ക് നല്‍കണമെന്ന വിചിത്ര ആവശ്യവുമായി സമീപിച്ച യുവാവിന് ഹൈക്കോടതി 5000 രൂപ പിഴ ചുമത്തി. ഗുജറാത്ത് ഹൈക്കോടതി മുമ്പാകെ ആയിരുന്നു
ഏറെ വ്യത്യസ്തമായ കേസ്. തന്റെ കാമുകിയെ അവളുടെ ഭര്‍ത്താവില്‍നിന്ന് മോചിപ്പിച്ച് തനിക്ക് ഏല്‍പ്പിച്ച് തരണമെന്നാണ് ആവശ്യം. ആവശ്യവുമായി ഒരു യുവാവ് കോടതിയെ സമീപിയ്ക്കുകയായിരുന്നു.
യുവതിക്ക് താനുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ യുവാവ് അവളുടെ ഇഷ്ടത്തിന് വിരുദ്ധമായാണ് മറ്റൊരാളെ വിവാഹം കഴിച്ചതെന്നും അവര്‍ ഒത്തുപോകുന്നില്ലെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.
യുവതി ഭര്‍ത്താവിനെയും ഭര്‍തൃ ബന്ധുക്കളേയും ഉപേക്ഷിച്ച് തന്നോടൊപ്പം താമസിച്ചിരുന്നുവെന്നും ലിവ്ഇന്‍ റിലേഷന്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചിരുന്നുവെന്നും യുവാവ് പറയുന്നു.
കുറച്ച് നാളുകള്‍ക്ക്‌ശേഷം ബന്ധുക്കളാണ് യുവതിയെ ഭര്‍ത്താവിന്റെ അടുത്തേക്ക് പിടിച്ചുകൊണ്ടുപോയത്. യുവതി ഭര്‍ത്താവിന്റെ അനധികൃത കസ്റ്റഡിയിലാണെന്നും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി തടങ്കലിലാണെന്നും ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ പുരുഷന് അവകാശമില്ലെന്ന് വാദിച്ച സംസ്ഥാന സര്‍ക്കാര്‍ ഒരു സ്ത്രീ ഭര്‍ത്താവിന്റെ കസ്റ്റഡിയിലാണെങ്കില്‍ അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാവില്ലെന്ന് ചൂണ്ടിക്കാട്ടി.
ഹരജിക്കാരനും യുവതിയും വിവാഹിതയായിട്ടില്ലെന്നും യുവതി ഭര്‍ത്താവുമായി വിവാഹമോചനം നടത്തിയിട്ടില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് വിഎം പഞ്ചോളി, ജസ്റ്റിസ് എച്ച്എം പ്രചക് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. യുവതി ഭര്‍ത്താവിന്റെ തടങ്കലിലാണെന്നു പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ലിവ്ഇന്‍ റിലേഷന്‍ഷിപ്പ് കരാറിന്റെ അടിസ്ഥാനത്തില്‍ ഹരജി ഫയല്‍ ചെയ്യാന്‍ അവകാശമില്ലെന്നും വ്യക്തമാക്കി ഹരജി തള്ളിയ കോടതി വിചിത്രമായ ആവശ്യം ഉന്നയിച്ച യുവാവിന് 5000 രൂപ പിഴ ചുമത്തുകയായിരുന്നു. ഈ തുക യുവാവ് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)