ന്യൂദല്‍ഹി- ഒരു കോടി രൂപയുടെ നിക്ഷേപം നേടിയതിനു പിന്നാലെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി നടിയും സംരംഭകയുമായ പരുള്‍ ഗുലാത്തി. ഷാര്‍ക് ടാങ്ക് ഇന്ത്യ സീസണ്‍ രണ്ടില്‍ പങ്കെടുത്താണ് നടി തന്റെ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ബ്രാന്‍ഡായ നിഷ് ഹെയറിന് ഒരു കോടിയുടെ നിക്ഷേപം സ്വന്തമാക്കിയത്.
ഷാര്‍ക് ടാങ്കില്‍ പരുള്‍ ഗുലാത്തിയുടെ പ്രകടനം നേരത്തെ എഴുതിയ തിരക്കഥയാണെന്ന ആക്ഷേപമാണ് ഓണ്‍ലൈനില്‍ വ്യാപകമായത്.
വിധികര്‍ത്താക്കളുടെ ഓരോ ചോദ്യത്തിനും തക്കതായ മറുപടി ഞെടിയിടയില്‍ നല്‍കിയതിനാല്‍ ആളുകള്‍ ഇങ്ങനെ സംശയിക്കുന്നതെന്ന് പരുള്‍ ഗുലാത്തി പറയുന്നു.
സുന്ദരിയായ ഒരു പെണ്‍കുട്ടിക്ക് നര്‍മ ബോധവും ആത്മവിശ്വാസവും ഉണ്ടാകുന്നതില്‍ എന്താണ് കുഴപ്പം. ഉരുളക്കുപ്പേരി പോലെ തല്‍ക്ഷണം മറുപടി നല്‍കുന്നത് ഒരു തെറ്റാണോയെന്നും നടി ചോദിക്കുന്നു.
അവസാനം ഒരു കോടിയുടെ ചെക്കുമായി വീട്ടിലേക്ക് മടങ്ങിയെന്ന പരുളിന്റെ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ നടിയെ ട്രോളാന്‍ കാരണം.
ഇപ്പോള്‍ താന്‍ അറിയപ്പെടുന്ന ബ്രാന്‍ഡ് നിര്‍മിച്ചെടുക്കാന്‍ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. അതൊക്കെ ആര്‍ക്കറിയാം. വീട്ടിലെ സ്വീകരണ മുറിയില്‍നിന്നാണ് വെറും 5000 രൂപ മുടക്കി താന്‍ ഇത് ആരംഭിച്ചതെന്ന് അവര്‍ അനുസ്മരിച്ചു.
ജഡ്ജിമാരില്‍നിന്ന് യുവസംരംഭകര്‍ക്ക് ശക്തമായ സാമ്പത്തിക സഹായം ലഭിക്കുന്ന ബിസിനസ് റിയാലിറ്റി ഷോയാണ് ഷാര്‍ക് ടാങ്ക് ഇന്ത്യ. കാര്‍ദേഖോ സി.ഇ.ഒ അമിത് ജെയിനില്‍നിന്ന്ാണ് പരുള്‍ ഗുലാത്തി തന്റെ സ്ഥാപനത്തിന്റെ രണ്ട് ശതമാനം ഓഹരിക്ക് ഒരു കോടി രൂപ നേടിയത്.
ഷോയില്‍ തനിക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നാണ് എല്ലാവരും ധരിക്കുന്നത്. എന്നാല്‍ പേടിയോടെയാണ് താന്‍ പങ്കെടുത്തത്. അവസാനം ഒരുകോടിയുടെ ചെക്കുമായി മടങ്ങാന്‍ പറ്റി- അവര്‍ പറഞ്ഞു.
കൊമേഡിയന്‍ രാഹുല്‍ ദുവ അവതരിപ്പിക്കുന്ന ഷാര്‍ക് ടാങ്ക് ഇന്ത്യ രണ്ടില്‍ സ്രാവുകളെ പോലുള്ള ആറ് ജഡ്ജിമാരാണുള്ളത്. അനുപം മിത്തല്‍, അനുപം ഗുപ്ത, നമിത താപ്പര്‍, വിനീത സിംഗ്, പിയൂഷ് ബന്‍സാല്‍, അമിത് ജെയിന്‍ എന്നിവര്‍. മാര്‍ച്ച് പത്തിന് അവസാനിച്ച സീസണ്‍ രണ്ട ലോണിലിവിലാണ് സംപ്രേഷണം.
പുരള്‍ ഗുലാത്തിയുടെ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്ന അമിത് ജെയിന്‍ ഒഴികെ ബാക്കി എല്ലാവരും ഒന്നാം സീസണില്‍ ഉണ്ടായിരുന്ന വിധികര്‍ത്താക്കളാണ്. കാര്‍ദേഖോ ഗ്രൂപ്പിന്റെ സഹസ്ഥാപകനാണ് അമത് ജെയിന്‍. സീസണ്‍ ഒന്നില്‍ ഉണ്ടായിരുന്ന അഷ് നീര്‍ ഗ്രോവറിനു പകരമാണ് അമിത് ജെയിന്‍ പാനലില്‍ കയറിയത്.
യുവസംരംഭകര്‍ക്ക് ശക്തമായ ധനസഹായം ലഭിക്കുന്നുണ്ടെങ്കിലും ഷാര്‍ക് ടാങ്ക് ജഡ്ജിമാരെ കുറിച്ചും തമാശ ചേര്‍ത്തുള്ള കഥകള്‍ പ്രചരിക്കുന്നുണ്ട്. ഷോയില്‍വെച്ചുതന്നെ ആളുകള്‍ക്ക് പണം വിതരണം ചെയ്യുന്ന ഈ വിധികര്‍ത്താക്കളുടെ ബിസിനസ്സ് നഷ്ടത്തിലാണെന്നാണ് ആളുകള്‍ കണ്ടെത്തി അവതരിപ്പിക്കുന്നു.
ഈ ഷോയുടെ യുഎസ് പതിപ്പില്‍ എല്ലാ വിധികര്‍ത്താക്കളും യഥാര്‍ത്ഥത്തില്‍ ലാഭമുണ്ടാക്കുന്ന ബിസിനസുകള്‍ നടത്തുന്നവരാണെങ്കില്‍ ഷാര്‍ക്ക് ഇന്ത്യ ടാങ്കിലെ ജഡ്ജിമാരുടെ കഥ തികച്ചും വിപരീതമാണെന്നാണ് കണക്കുകള്‍ സഹിതമുള്ള പ്രചാരണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)