Sorry, you need to enable JavaScript to visit this website.

തീര്‍ഥാടകരുടെ മരണം തുടര്‍ക്കഥ; കേരള ഉംറ ഗ്രൂപ്പുകളുടെ അലംഭാവം പ്രകടമാണ്  

മുജീബ് പൂക്കോട്ടൂർ, ഷമീം നരിക്കുനി

മക്ക-സൗദി അറേബ്യയിലേക്ക് പൊതുവെ സന്ദര്‍ശകര്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കെ, കേരളത്തില്‍നിന്ന് വരുന്ന ഉംറ തീര്‍ഥാടകരിലും വലിയ വര്‍ധനയുണ്ട്. മക്കയിലും മദീനയിലും ഹജ് കാലത്തിനു സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. 
അതിനിടയില്‍, കേരളത്തില്‍നിന്ന് വരുന്ന ഉംറ ഗ്രൂപ്പുകള്‍ തീര്‍ഥാടകരുടെ ആരോഗ്യ പ്രശ്‌നങ്ങളെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്ന് സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തുനിന്നുള്ള തീര്‍ഥാടകരില്‍ മരണം തുടര്‍ക്കഥയാകുന്നത് യഥാസമയം ചികിത്സ ലഭിക്കാത്തതുകൊണ്ടു കൂടിയാണെന്ന് അവര്‍ പറയുന്നു
വിദേശത്തുനിന്നെത്തുന്നവരടക്കം തീര്‍ഥാടകര്‍ പാലിക്കേണ്ട ആരോഗ്യ മുന്‍കരുതലുകളെ കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയവും ഹജ് ഉംറ മന്ത്രാലയവും ആവര്‍ത്തിച്ച് ഉണര്‍ത്തുന്നുണ്ടെങ്കിലും പ്രായമാരുടെ കാര്യത്തില്‍ പോലും ഉംറ ഗ്രൂപ്പുകള്‍ ജാഗ്രത പുലര്‍ത്തുന്നില്ല.
തീര്‍ഥാടനമായതിനാല്‍ കുറച്ചൊക്കെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടാകുമെന്ന പതിവ് ന്യായീകരണങ്ങളാണ് പലപ്പോഴും ഉംറ ഗ്രൂപ്പുകളുടെ ചുമതലക്കാരില്‍നിന്ന് ഉണ്ടാകുന്നത്. പനിയും മറ്റും ബാധിക്കുന്നവര്‍ക്ക് കഴിയുംവേഗം ചികിത്സ ഉറപ്പാക്കുന്നതിനുപകരം അവശരായതിനുശേഷമാണ് ആശുപത്രികളിലെത്തിക്കുന്നത്. പനിയും ചുമയുമൊക്കെ ബാധിച്ചവരെ ന്യൂമോണിയ ഗുരുതരമാകുന്നതുവരെ റൂമുകളില്‍ വെച്ചുതാമസിപ്പിക്കുന്നവരുമുണ്ട്. അടുത്ത ബന്ധുക്കളൊന്നുമില്ലാതെ തന്നെ പ്രായമായവര്‍ ഗ്രൂപ്പുകളില്‍ ഉംറ നിര്‍വഹിക്കാനെത്തുന്നുണ്ട്. ഇവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. 


മുജീബ് പൂക്കോട്ടൂർ, ഷമീം നരിക്കുനി

വിവിധ രോഗങ്ങള്‍ക്ക് നാട്ടില്‍ മരുന്ന് കഴിക്കുന്നവര്‍ അത്തരം മരുന്ന് വിട്ടുപോകാതെ കൊണ്ടുവരണമെന്നും മുടക്കരുതെന്നും നിര്‍ദേശിക്കാറുണ്ട്. അത് കാര്യമായെടുക്കാത്ത തീര്‍ഥാടകരും ഇവിടെ എത്തിയാല്‍ പ്രയാസങ്ങള്‍ നേരിടുന്നു. പകര്‍ച്ചപ്പനി സാധ്യകളുണ്ടായിട്ടും മക്കയിലും മദീനയിലും വന്‍തിരക്കുണ്ടായിട്ടും പ്രായമായവര്‍ പോലും മാസ്‌ക് ധരിക്കുന്നില്ല. 
ഈയടുത്തായി ഉംറ നിര്‍വഹിക്കാനെത്തി വിട പറഞ്ഞവരില്‍ പലരും കുഴഞ്ഞുവീണ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പറയുമെങ്കിലും ഇവരെ അലട്ടിയിരുന്ന മറ്റു രോഗങ്ങള്‍ക്ക് ചികിത്സ നല്‍കിയിരുന്നില്ലെന്ന് മറ്റു തീര്‍ഥാടകര്‍ പറയുന്നു. 
സൗദിയിലെത്തുന്ന തീര്‍ഥാടകരടക്കമുള്ളവര്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും ഉംറ ഗ്രൂപ്പ് ചുമതലക്കാരില്‍നിന്ന് രോഗങ്ങള്‍ ഗൗരവത്തിലെടുത്തുകൊണ്ടുള്ള നടപടികളുണ്ടാകുന്നില്ല. 
മരണങ്ങളും ആശുപത്രിയിലാകുന്ന സംഭവങ്ങളും വര്‍ധിച്ചതോടെ യഥാസമയം ചികിത്സ ലഭ്യമാക്കേണ്ട കാര്യം തീര്‍ഥാടകരേയും ഉംറ ഗ്രൂപ്പ് മേധാവികളേയും ഉണര്‍ത്താറുണ്ടെന്ന് മക്കയിലെ സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ മുജീബ് പൂക്കോട്ടൂര്‍ പറയുന്നു. ഗ്രൂപ്പുകാര്‍ ശ്രദ്ധിക്കുന്നില്ലെന്ന് തീര്‍ഥാടകര്‍തന്നെ പരാതിപ്പെടുന്നു. ചിലപ്പോള്‍ നാട്ടില്‍നിന്നായിരിക്കും ബന്ധുക്കള്‍ അവിടെ അസുഖം ബാധിച്ച് ബുദ്ധിമുട്ടുകയാണെന്ന വിവരം സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. 
വിശുദ്ധ ഭൂമിയില്‍ മരണം കൊതിക്കണമെന്നും ഹജ്ജും ഉംറയും ചെയ്യാന്‍ വന്നാല്‍ നല്ല പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും മറ്റുമുള്ള വാദങ്ങള്‍ മത്സരാടിസ്ഥാനത്തില്‍തന്നെ ഉംറ യാത്ര ഏര്‍പ്പാടു ചെയ്യുന്നവരുടെ അലംഭാവത്തിനും അശ്രദ്ധക്കും ന്യായീകിരണമായിക്കൂടാത്തതാണ്. 
ഗുരതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരെ പോലും അപകട സാധ്യതകള്‍ കണക്കിലെടുക്കാതെയാണ് ഗ്രൂപ്പുകളില്‍ കൊണ്ടുവരുന്നത്. തീര്‍ഥാടകര്‍ക്കായുള്ള ഇന്‍ഷുറന്‍സില്‍ ചികിത്സയും മടക്കയാത്രയുമൊക്കെ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമാകാത്ത പ്രശ്‌നങ്ങളുണ്ടെന്ന് സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം ഭാരവാഹിയും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി പറയുന്നു. 
ഉംറ ഗ്രൂപ്പുകളില്‍ ഒരു മെഡിക്കല്‍ കോര്‍ഡിനേറ്റര്‍ ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഹജിനെത്തുന്നവര്‍ക്ക് ഹജ് മുതവ്വിഫ് ഗ്രൂപ്പും സര്‍ക്കാര്‍ നിയോഗിക്കുന്ന വളണ്ടിയര്‍മാരുമുണ്ട്. എന്നാല്‍ ഉംറ ഗ്രൂപ്പുകളിലെത്തി ഗുരുതര രോഗം ബാധിച്ച് ആശുപത്രികളിലാകുന്നവര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പതിനാല് ദിവസം കഴിയുമ്പോള്‍ ഉംറ തീര്‍ഥാടകരും ഗ്രൂപ്പ് അമീറും നാട്ടിലേക്ക് മടങ്ങും. രോഗം ബാധിക്കുന്നവരെ കുറിച്ചും ആശുപത്രികളിലാകുന്നവരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ പോലും ഗ്രൂപ്പുകളില്‍നിന്ന് ലഭിക്കുന്നില്ല. ഇവരുടെ പൂര്‍ണ ഉത്തരവാദിത്തം ഉംറ കമ്പനികള്‍ക്കും ഗ്രൂപ്പ് അമീറുമാര്‍ക്കുമാണ്. വളരെ അത്യാവശ്യകാര്യം അന്വേഷിച്ചാല്‍ പോലും ഉംറ ഗ്രൂപ്പുകള്‍ പ്രതികരിക്കാറില്ല. ഫോണ്‍ പോലും എടുക്കാറില്ലെന്ന് ഈയിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗി നേരിട്ട പ്രതസന്ധി അനുസ്മരിച്ചുകൊണ്ട് ഷമീം പറഞ്ഞു. മടക്കയാത്രക്കുള്ള ടിക്കറ്റ് പോലും ഉംറ ഗ്രൂപ്പില്‍നിന്ന് ലഭിച്ചില്ലെന്നും ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാനായില്ലെന്നും ഒടുവില്‍ സ്വന്തം ചെലവിലാണ് തീര്‍ഥാടക നാട്ടിലേക്ക് മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ ഉംറ ഗ്രൂപ്പ് വഴി വരണമെന്ന മറുപടിയാണ് ലഭിക്കാറുള്ളത്. ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് എങ്ങനെ മികിച്ച ചികിത്സ ലഭ്യമാകണമെന്നതിനെ കുറിച്ചോ അവരെ എങ്ങനെ യഥാസമയം നാട്ടിലെത്തിക്കാമെന്നതിനെ കുറിച്ചോ ഉംറ ഗ്രൂപ്പുകള്‍ക്ക് കൃത്യമായ അറിവുമില്ല. ആംബുലന്‍സ് ഏര്‍പ്പാടുക്കുന്നതില്‍ പോലും ഗ്രൂപ്പകള്‍ പലപ്പോഴും പരാജയപ്പെടുന്നു. വന്‍ തുക ഈടാക്കുന്ന ഉംറ ഗ്രൂപ്പുകള്‍ സംഘത്തില്‍ ഒരു മെഡിക്കല്‍ കോര്‍ഡിനേറ്ററെ ഉള്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ ഉംറ ഗ്രൂപ്പുകള്‍ക്കായി ഒരു മെഡിക്കല്‍ സെല്‍ ഉണ്ടായിരിക്കണമെന്നും ഷമീം നിര്‍ദേശിക്കുന്നു. 
അസുഖ ബാധിതരാകുന്ന തീര്‍ഥാടകര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ്, ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് സൗജന്യ് ആംബുലന്‍സ് സൗകര്യം, ഉംറ ഇന്‍ഷൂറന്‍സിലെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വിദേശ മന്ത്രാലത്തിനും നോര്‍ക്കക്കും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനും നിവേദനം നല്‍കിയതായി അദ്ദേഹം പറഞ്ഞു.

Latest News