ന്യൂദല്‍ഹി-കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയ കണ്‍സള്‍ട്ടന്റെ ബ്രിജേഷ് മിശ്ര രേഖകളില്‍ കൃത്രിമം കാണിച്ചതിന് നേരത്തെ പിടിയിലായ കുപ്രസിദ്ധന്‍. ജലന്ധറില്‍ ആരംഭിച്ച സ്ഥാപനം വഴി കാനഡയിലേക്ക് അയച്ച 700 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അവിടെ രേഖകളിലെ കൃത്രിമം പിടിച്ചതിന് ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണിയില്‍ കഴിയുന്നത്. പഞാബിലെ എജുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് വഴി ഒരു വിദ്യാര്‍ഥിയില്‍നിന്ന് 16 ലക്ഷത്തിലേറെ രൂപയാണ് ഈടാക്കിയിരുന്നത്.
കൃത്രിമ രേഖകളുണ്ടാക്കി വിദ്യാര്‍ഥികളെ വിദേശത്ത് അയച്ചതിന് 2013 ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈസി വേ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനമാണ് നടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കാനഡയില്‍ തട്ടിപ്പ് പിടിച്ചതിനെ തുടര്‍ന്ന് ഇയാളുടെ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ലൈസന്‍സ് ജലന്ധര്‍ ജില്ലാ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആരും പരാതി നല്‍കിയില്ലെങ്കിലും സ്വമേധയാ നടപടി സ്വീകരിച്ചതാണെന്ന് ജലന്ധര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജസ്പ്രീതി സിംഗ് പറഞ്ഞു. 2014 ല്‍ പഞ്ചാബ് ട്രാവല്‍ ആന്റ് പ്രൊഫഷണല്‍ റഗുലേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എജുക്കേഷന്‍ ആന്റ് മൈഗ്രേഷന്‍ സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ രാഹുല്‍ ഭാര്‍ഗവക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മിശ്ര ബിഹാര്‍ സ്വദേശിയാണെന്നും കൃത്രിമ രേഖളുണ്ടാക്കിയതിന് അറസ്റ്റിലായി ഒരു വര്‍ഷത്തിനുശേഷമാണ് പുതിയ സ്ഥാപനം തുടങ്ങിയതെന്നും പഞ്ചാബ് പോലീസ് പറയുന്നു. 2013 ല്‍ ഈസി വേ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയില്‍ റെയ്ഡ് നടത്തി പണവും പാസ്‌പോര്‍ട്ടുകളും പിടിച്ചിരന്നു.
കാനഡിയില്‍ 700 ലേറെ വിദ്യാര്‍ഥികള്‍ക്ക് നാടുകടത്തല്‍ നോട്ടീസ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒണ്‍ടാരിയോ ആസ്ഥാനമായുള്ള പബ്ലിക് കോളേജിന്റെതായി ഇവര്‍ക്ക് നല്‍കിയ അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീവസസ് ഏജന്‍സിയുടെ നടപടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)