- കോൺഗ്രസ് പ്ലീനത്തിൽ മുഴങ്ങിയത് സർവ്വശക്തിയും സംഭരിച്ചുള്ള തിരിച്ചുവരവിനുള്ള ആസൂത്രണങ്ങൾ, ലക്ഷ്യം 'മിഷൻ 2024'
ന്യൂദൽഹി - ചത്തീസ്ഗഢിലെ റായ്പൂരിൽ സമാപിച്ച 85-ാമത് കോൺഗ്രസ് പ്ലീനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യ വിവാദത്തിൽ വിശദീകരണവുമായി നേതൃത്വം. പ്ലീനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച പത്രങ്ങളിൽ വന്ന പരസ്യത്തിൽ മറ്റു നേതാക്കളോടൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് കരുത്തു പകർന്ന, മുതിർന്ന കോൺഗ്രസ് നേതാവും പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ചിത്രം ഒഴിവാക്കിയത് വിവാദമായിരുന്നു.
കോൺഗ്രസിനും മതനിരപേക്ഷ ഇന്ത്യക്കും ഏറെ നാണക്കേടുണ്ടാക്കിയ, കോൺഗ്രസ് ഒഴിവാക്കുന്നുവെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്ന മുൻ പ്രധാനമന്ത്രി നരസിംഹറാവു അടക്കമുള്ളവരുടെ ഫോട്ടോ ഗാന്ധിജിയും നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം ഉൾപ്പെട്ട പരസ്യത്തിൽ ഇടം പിടിച്ചപ്പോഴാണ് ധീരദേശാഭിമാനിയായ മൗലാന ആസാദിനെ പുറത്തിരുക്കിയത്. ഇത് പല കോണുകളിൽനിന്ന് രൂക്ഷമായ വിമർശമാണ് ക്ഷണിച്ചുവരുത്തിയത്. സംഭവം മാപ്പർഹിക്കാത്ത വീഴ്ചയാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് സമ്മതിച്ചു ട്വീറ്റ് ചെയ്തു.
'ഇന്ന് കോൺഗ്രസ് പുറത്തിറക്കിയ പരസ്യത്തിൽ മൗലാനാ ആസാദിനെ ചേർത്തിരുന്നില്ല. മാപ്പർഹിക്കാത്ത വീഴ്ചയാണിത്. ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഏറ്റവും ആത്മാർത്ഥമായ ക്ഷമാപണമാണിത്. മൗലാനാ ആസാദ് എന്നും നമ്മുടെയും ഇന്ത്യയുടെയും പ്രതീകവും പ്രചോദനവുമായി തുടരുമെന്നും'ജയറാം രമേശ് വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതേസമയം, നരസിംഹറാവുവിന്റെ ചിത്രം ചേർത്തതിനെതിരെ കോൺഗ്രസ് പാർട്ടിക്കു പുറമെ, ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) അടക്കം രംഗത്തെത്തി. ബാബരി മസ്ജിദ് തകർത്തതിൽ റാവുവിന് സുപ്രധാന പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശം. 'പി.വി നരസിംഹ റാവുവിനെ ഉൾപ്പെടുത്തിയത് കോൺഗ്രസ് പാർട്ടിയുടെ 'മതേതരത്വ'ത്തെക്കുറിച്ച് നമ്മൾ അറിയേണ്ടതെല്ലാം പറയുന്നുണ്ട്. ബാബരി ധ്വംസനത്തിൽ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നരസിംഹ റാവു സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതു പൊറുക്കാനും മറക്കാനും പാടില്ല.'എ.ഐ.എം.ഐ.എം ട്വീറ്റ് ചെയ്തു.
അതിനിടെ, റായ്പൂരിൽ മൂന്നു ദിവസമായി നടന്ന എ.ഐ.സി.സി പ്ലീനം 'മിഷൻ 2024' ദൗത്യത്തിന്റെ പ്രഖ്യാപനവുമായി സമാപിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള അജണ്ടകളാണ് പ്ലീനത്തിൽ പ്രധാനമായും അവതരിപ്പിച്ചത്. കോൺഗ്രസിന്റെ സർവശക്തിയും സംഭരിച്ചുള്ള തിരിച്ചുവരവിനുള്ള ആസൂത്രണങ്ങളാണ് റായ്പൂരിൽ നടന്നത്. പ്രതിപക്ഷ ഐക്യചർച്ചകളും സമ്മേളനത്തിലുണ്ടായി. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.