സിഡ്‌നി-ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പണമടച്ചുള്ള വെരിഫിക്കേഷന്‍ സേവനം ആരംഭിച്ചു. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഇതുവരെ സൗജന്യമായിരുന്ന സോഷ്യല്‍ മീഡിയ ഫീച്ചറുകള്‍ക്ക് പണം നല്‍കാനുള്ള ഉപയോക്താക്കളുടെ സന്നദ്ധത പരിശോധിക്കുയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരസ്യ വരുമാനത്തില്‍ ഇടിവ് നേരിട്ടതിനെ തുടര്‍ന്നാണ് മാതൃ കമ്പനിയായ മെറ്റയുടെ പരീക്ഷണം. വലിയ വിപണികളില്‍ തുടങ്ങുന്നതിനു മുന്നോടിയായാണ് ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും സബ്‌സ്‌ക്രിപ്ഷന്‍ കാമ്പയിന്‍ ആരംഭിച്ചിരക്കുന്നത്. വെരിഫിക്കേഷന്‍ സേവനത്തിന് വെബില്‍ 11.99 യുഎസ് ഡോളറും ഐഒഎസ്, ആന്‍ഡ്രോയിഡ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ 14.99 യുഎസ് ഡോളറുമാണ് നിരക്ക്.
സര്‍ക്കാര്‍ ഇഷ്യൂ ചെയ്ത ഐഡികളുമായി ഉപയോക്താക്കള്‍ക്ക് വെരിഫിക്കേഷന്‍ ബാഡ്ജിനായി അപേക്ഷിക്കാം. ആള്‍മാറാട്ടത്തിനെതിരായ സംരക്ഷണം, കസ്റ്റമര്‍ സപ്പോര്‍ട്ടിലേക്ക് നേരിട്ടുള്ള ആക്‌സസ്, കൂടുതല്‍ വ്യൂ എന്നിവയാണ് ബാഡ്ജ് സ്വന്തമാക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
സേവനങ്ങളിലുടനീളം ആധികാരികതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനാണ് പുതിയ ഫീച്ചര്‍ ആരംഭിക്കുന്നതെന്ന് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
നിര്‍ണായക നീക്കം മെറ്റയ്ക്ക് അതിന്റെ 200 കോടി ഉപയോക്താക്കളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാനുള്ള മാര്‍ഗമാണ് തുറക്കുന്നത്.
ഓണ്‍ലൈനില്‍ ഉപജീവനം നടത്തുന്ന കപട സെലിബ്രിറ്റികള്‍ തന്നെ ആയിരിക്കും വെരിഫിക്കേഷനു വേണ്ടി മുന്നിട്ടിറങ്ങുകയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനായി സാങ്കേതികവും ഭരണപരവുമായ പ്രശ്‌നങ്ങള്‍ സുഗമമാക്കാന്‍ കമ്പനികള്‍ ബുദ്ധിമുട്ടുമെന്നും ഇത് കാലതാമസത്തിനും വരുമാന നഷ്ടത്തിനും കാരണമാകുമെന്നും അവര്‍ കരുതുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)