ചെന്നൈ- വീട്ടില്‍ വളര്‍ത്തിയ അപൂര്‍വയിനം തത്തയെ നാട്ടുകാരെ കാണിച്ചതിനു പിന്നാലെ തമിഴ് ഹാസ്യ നടന്‍ റോബോ ശങ്കര്‍ കുടുങ്ങി. തമിഴ്‌നാട് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയാണ് നടന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കയാണ്. യൂട്യൂബ് ചാനലില്‍ അടുത്തിടെ ശങ്കര്‍ തന്റെ വീടും ചുറ്റുപാടും ആരാധകര്‍ക്ക് കാണിച്ചിരുന്നു. ഹോം ടൂര്‍ വീഡിയോയില്‍ തത്തകളെ വളര്‍ത്തുന്ന കാര്യം പറഞ്ഞതും അവയെ കാണിച്ചതുമാണ് നടന് വിനയായത്.
വീഡിയോ കണ്ട ചിലര്‍ രണ്ട് അലക്‌സാന്‍ഡ്രിയന്ർ പച്ച തത്തകളാണ് ഇതെന്ന് തിരിച്ചറിഞ്ഞ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റോബോ ശങ്കറിന്റെ ചെന്നൈ വല്‍സരവക്കത്തുള്ള വീട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി തത്തകളെ പിടിച്ചെടുത്തു.
റോബോ ശങ്കറും കുടുംബവും ശ്രീലങ്കയില്‍ പോയ സമയത്തായിരുന്നു പരിശോധന. വീട്ടില്‍നിന്ന് വനം വകുപ്പ് പിടിച്ചെടുത്ത തത്തകളെ ചെന്നൈയിലെ ഗിണ്ടി മൃഗശാലയിലെത്തിച്ചു. പിടിച്ചെടുത്ത തത്തകള്‍ സംരക്ഷണ വിഭാഗത്തില്‍ പെടുന്നതാണെന്നും പുതിയ വന്യജീവി സംരക്ഷണ ഭേദഗതി പ്രകാരം ഇവയെ നിയമവിരുദ്ധമായി വീട്ടില്‍ വളര്‍ത്തിയാല്‍ അഞ്ച് ലക്ഷം വരെ പിഴ ലഭിക്കുമെന്ന് തമിഴ്‌നാട് വനം വന്യജീവി വകുപ്പ് പറയുന്നു. ശ്രീലങ്കയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ റോബോ ശങ്കറിനോട് കൂടുതല്‍ വിശദീകരണം തേടുമെന്ന് വനംവകുപ്പ് അറിയിച്ചു.
വിജയ് നായകനായ ബിഗില്‍ എന്ന ചിത്രത്തില്‍ തന്റെ മകള്‍ ഇന്ദ്രജ ശ്രദ്ധേയമായ വേഷം ചെയ്തതിനെ തുടര്‍ന്ന് ഒരു സുഹൃത്താണ് ഈ തത്തകളെ സമ്മാനിച്ചതാണ് റോബോ ശങ്കര്‍ പറയുന്നു. ബിഗില്‍, എയ്ഞ്ചല്‍ എന്നീ പേരുകള്‍ നല്‍കിയാണ് തത്തകളെ റോബോ ശങ്കറും കുടുംബവും വളര്‍ത്തിയിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)