അന്റാകിയ- തുര്‍ക്കി,സിറിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ രക്ഷപ്പെട്ടവര്‍ക്കായി ആരംഭിച്ച ക്യാമ്പില്‍ കത്തികയും കത്രികയുമായി സഹായത്തിനിറങ്ങിയ വിദ്യാര്‍ഥിയാണ് മുഹമ്മദ് അല്‍ ഹാമോ. ഒഴിവു സമയം കിട്ടുമ്പോള്‍ കുറച്ച് കാശുണ്ടാക്കാമല്ലോ എന്നു കരുതിയാണ് 18 കാരനായ ഹാമോ ബാര്‍ബര്‍ ജോലിയില്‍ പരിശീലനം നേടിയിരുന്നത്. ടെന്റ് ക്യാമ്പുകളില്‍ സൗജന്യ സേവനം നല്‍കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല.
ഫെബ്രുവരി ആറിനുണ്ടായ ഭൂചലനത്തിലുണ്ടായ കനത്ത നാശത്തിനു പിന്നാലെ കുടുംബാംഗങ്ങള്‍ക്കായി ചെയ്തു തുടങ്ങിയ ബാര്‍ബര്‍ സേവനം ഇപ്പോള്‍ ഹാമോ മറ്റു ദുരിതബാധിതര്‍ക്കും നല്‍കുകയാണ്.
ആരു വന്നാലും മകന്‍ സൗജന്യമായി മുടിമുറിച്ചു നല്‍കുമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ഖാലിദ് അഭിമാനത്തോടെ പറയുന്നു.
തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് ഇലക്ട്രിക് ക്ലിപ്പറുകളും കത്രികകളും ഷാംപൂവും മറ്റും കണ്ടെത്തിയാണ് ഹാമോ ആളുകളുടെ മുടി മുറിക്കാനും ഷേവ് ചെയ്യാനും തുടങ്ങിയത്.
46,000 പേര്‍ കൊല്ലപ്പെട്ട ഭൂചലനത്തില്‍ ഹാമോക്കും കുടുംബത്തിനും ഇനിയും ബന്ധുക്കളെ കണ്ടെത്താനുണ്ട്. സൗജന്യ ബാര്‍ബര്‍ സേവനത്തിനു പുറമെ തന്റെ രണ്ടു മൂത്ത മക്കള്‍ തെക്കുകിഴക്കന്‍ തുര്‍ക്കി സിറ്റിയായ അന്റാകിയയിലെ പാര്‍ക്കില്‍ ആരംഭിച്ച ക്യാമ്പില്‍ മറ്റു സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും ഖാലിദ് പറഞ്ഞു.
ആഭ്യന്തര യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് 2014 ലാണ് സിറിയയിലെ അലപ്പോയില്‍നിന്ന് ഹാമോ കുടുംബം തുര്‍ക്കിയിലെ അന്റാകിയയിലെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)