ന്യൂദല്‍ഹി- ദല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഛത്രപതി ശിവാജി ജയന്തി ആഘോഷത്തെ തുടര്‍ന്ന് ഇടതു സംഘടനകളുമായി ബന്ധമുള്ളവര്‍ വിദ്യാര്‍ത്ഥി യൂണിയന്റെ ഓഫീസായ ടെഫ്‌ലാസ് തകര്‍ത്തതായി എബിവിപി ആരോപിച്ചു. എന്നാല്‍, എബിവിപിക്കാരാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്ന് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ (ജെഎന്‍യുഎസ്‌യു) വ്യക്തമാക്കി.
ഇടതു സംഘടനകളുമായി ബന്ധമുള്ള അംഗങ്ങള്‍ ശിവജിയുടെയും ജ്യോതിബ ഫൂലെയുടെയും മഹാറാണാ പ്രതാപിന്റെയും ഛായാചിത്രങ്ങളെ അവഹേളിച്ചുവെന്നും എബിവിപി കുറ്റപ്പെടുത്തി.
ആഘോഷ പരിപാടി അവസാനിച്ചയുടന്‍ ഇടത് സംഘടനകളില്‍ നിന്നുള്ളവരെത്തി സ്ഥലം നശിപ്പിച്ചുവെന്ന് എബിവിപി ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, അടുത്തിടെ ആത്മഹത്യ ചെയ്ത ബോംബെ ഐഐടി വിദ്യാര്‍ത്ഥി ദര്‍ശന്‍ സോളങ്കിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ച് എ.ബി.വി.പി ആക്രമിക്കുകയായിരുന്നുവെന്ന് ജെഎന്‍യുഎസ്‌യു അംഗങ്ങള്‍ പറഞ്ഞു.
പോലീസുകാര്‍ക്ക് മുന്നില്‍വെച്ചാണ് വിദ്യാര്‍ഥികളെ ആക്രമിച്ച് പരിക്കേല്‍പിച്ചതെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജാതിയുടെ പേരിലാണ് ദര്‍ശന്‍ സോളങ്കിയെ കൊലപ്പെടുത്തിയതെന്നും ജാതി വിവേചനത്തിനെതിരായ പ്രസ്ഥാനത്തെ അട്ടിമറിക്കാനാണ് എബിവിപി വീണ്ടും ആക്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)