ന്യൂദല്‍ഹി- കേംബ്രിഡ്ജ് അനിലിറ്റിക്കയേയും പെഗസസിനേയും ഉപയോഗിച്ചതു പോലെ ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനത്തില്‍ ഇടപെട്ട ഇസ്രായില്‍ ഗ്രൂപ്പായ ടീം ഹോര്‍ഹെയേയും മോഡി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പെഗസസിനേയും കേബ്രിഡ്ജ് അനലിറ്റിക്കയേയും പോലെ ഇസ്രായിലി ഹാക്കര്‍മാരുടെ ഗ്രൂപ്പായ ടീം ഹോര്‍ഹെ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ സംവിധാനങ്ങളിലും ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വ്യാജ വാര്‍ത്താ പോര്‍ട്ടലായ പോസ്റ്റ് കാര്‍ഡ് ന്യൂസും ടീം ഹോര്‍ഹെയും തമ്മില്‍ ബന്ധുണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ഇസായിലി കൂട്ടായ്മ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 30 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഹാക്കിംഗും അട്ടിമറിയും സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളുമാണ് ഇസ്രായില്‍ ടീമിന്റെ ആയുധങ്ങള്‍.
അധികാരത്തില്‍ തുടരാന്‍ വേണ്ടി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായേലിന്റെ സഹായം സ്വീകരിച്ചുവെന്നാണ് ആരോപണം. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കളിക്കുന്നത് ജനാധിപത്യത്തോടാണ്. വിദേശ നേതാക്കളും ഏജന്‍സികളുമായി കൂട്ടുചേര്‍ന്ന് രാജ്യത്തിനെതിരായിട്ടാണ് പ്രധാനമന്ത്രി ഗൂഢാലോചന നടത്തിയിരിക്കുന്നത്- പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താക്കളായ പവന്‍ ഖേരയും സുപ്രിയ ശ്രീനേതും ആരോപിച്ചു.
അന്താരാഷ്ട്ര രംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ മാസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് തിരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ ഗ്രൂപ്പ് ഇടപെട്ടു എന്ന് കണ്ടെത്തിയത്. ജനാഭിപ്രായത്തെ കൃത്രിമമായി സ്വാധീനിക്കുന്ന വിധത്തിലുള്ള ഇടപെടലുകളാണ് ഇസ്രായില്‍ ടീം നടത്തിയത്. ഇന്ത്യ, യുകെ, യുഎസ്, കാനഡ, ജെര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, മെക്‌സിക്കോ, സെനഗല്‍, യുഎഇ എന്നിവിടങ്ങളില്‍ കമ്പനി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ ഇന്ത്യയില്‍ നടത്തിയ ഇടപടല്‍ എപ്രകാരമുള്ളതായിരുന്നെന്നോ ഏതു തിരഞ്ഞെടുപ്പിലാണ് ഇടപെടല്‍ നടത്തിയതെന്നോ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നിരന്തരം വ്യാജ പ്രചരണങ്ങള്‍ നടത്തിയാണ് വിവിധ രാജ്യങ്ങളില്‍ ഇസ്രായില്‍ ഗുഢസംഘം അട്ടിമറി നടത്തിയതെന്ന് ബ്രിട്ടീഷ് മാധ്യമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെയാണ് ടീം ഹൊര്‍ഹേ എന്ന സംഘത്തിന്റെ ഇടപെടലുകള്‍ വെളിച്ചത്തുകൊണ്ടുവന്നത്. ആവശ്യക്കാരായി ഭാവിച്ച് മൂന്ന് റിപ്പോര്‍ട്ടര്‍മാരെയാണ് ഇതിനായി നിയോഗിച്ചത്. ഇവര്‍ ചോര്‍ത്തിയെടുത്ത വിവരങ്ങളാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലുള്ളത്. ഒളിക്യാമറയുമായി എത്തിയ മാധ്യമസംഘത്തോടെയാണ് ഹൊര്‍ഹേ ടീം മേധാവി ഓപ്പറേഷനുകളെക്കുറിച്ച് വെളിപ്പെടുത്തിയത്. നുണകള്‍ പ്രചരിപ്പിക്കുന്നതിനായി എങ്ങനെ വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു എന്ന് മേധാവി തന്നെ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. ഇടപെടല്‍ നടത്തിയ രാജ്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്.മുന്‍ ഇസ്രായില്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് ഹൊര്‍ഹേ ടീം രൂപീകരിച്ചത്. ഇസ്രായില്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത് വന്‍ കോളിളക്കങ്ങളാണ് 2017ല്‍ സൃഷ്ടിച്ചത്. ഇന്ത്യയിലും ഇത് വിവാദ കൊടുങ്കാറ്റുണ്ടാക്കിയിരുന്നു.
പ്രത്യേക സോഫ്റ്റ് വെയര്‍ വഴി ഉണ്ടാക്കിയ അയ്യായിരത്തോളം ബോട്ടുകളാണ് പ്രചാരണത്തിനായി ഇസ്രായില്‍ സംഘം ഉപയോഗിച്ചത്. ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും 27 ഇടത്ത് തങ്ങള്‍ ലക്ഷ്യം നേടിയെന്നും ഹൊര്‍ഹേ ടീം അവകാശപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഒരു വമ്പന്‍ കമ്പനിക്കുവേണ്ടി വ്യവസായ തര്‍ക്കത്തിലും ഇടപെട്ടിരുന്നുവെന്ന് പറയുന്നു.