ന്യൂദല്‍ഹി- ദല്‍ഹി ഹജ്ജ് കമ്മിറ്റി ചെയര്‍പെഴ്‌സനായി ബി.ജെ.പി വനിതാ നേതാവ് കൗസര്‍ ജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് അവരില്‍നിന്ന് ഹജ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ബി.ജെ.പി പിടിച്ചെടുത്തിരിക്കുന്നത്. മുസ്ലിംകള്‍ക്ക് ബി.ജെ.പിയില്‍ വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ് കൗസര്‍ ജഹാന്റെ വിജയമെന്ന് ദല്‍ഹി ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച് ദവേ പറഞ്ഞു.
ഹജ്ജ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണ് കൗസര്‍ ജഹാന്‍. ദല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് കമ്മിറ്റി അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ മൂന്ന് വോട്ട് കൗസര്‍ ജഹാന് ലഭിച്ചു. എ.എ.പിയില്‍നിന്നും ബി.ജെ.പിയില്‍നിന്നും രണ്ടു വീതം അംഗങ്ങളടക്കം കമ്മിറ്റിയില്‍ ആറു പേരാണുള്ളത്. മുസ്ലിം പണ്ഡിതന്‍ മുഹമ്മദ് സഅദ്, കോണ്‍ഗ്രസ് കൗണ്‍സിലര്‍ നാസിയ ഡാനിഷ് എന്നിവരാണ് മറ്റംഗങ്ങള്‍. ബി.ജെ.പി അംഗങ്ങളില്‍ പാര്‍ട്ടി എം.പി ഗൗതം ഗംഭീറും ഉള്‍പ്പെടുന്നു. നാസിയ ഡാനിഷ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
ഹജ്ജ് കമ്മിറ്റി അധ്യക്ഷയായി കൗസര്‍ ജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസന ധാരയില്‍ പങ്കുചേരാന്‍ മുസ്ലിംകളും തയാറായെന്നാണ് വ്യക്തമാകുന്നതെന്ന് ബി.ജെ.പി ദല്‍ഹി വര്‍ക്കിംഗ് പ്രസിഡന്റ് സച് ദേവ ട്വീറ്റ് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)