യാദ്ഗിര്‍-കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും 34 പേര്‍ ആശുപത്രിയിലാകുകയും ചെയ്തു. യാദ്ഗിര്‍ ജില്ലയിലെ ഗുര്‍മിത്കല്‍ താലൂക്കിലെ അനാപൂര്‍ ഗ്രാമത്തിലാണ് സംഭവം. മലിനജലം കുടച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടവരെ യാദ്ഗിറിലെ ജില്ലാ ആശുപത്രിയിലും അയല്‍ സംസ്ഥാനമായ തെലങ്കാനയിലെ നാരായണ്‍പേട്ട്, മഹബൂബ് നഗര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
കരേമ്മ ക്ഷേത്രത്തിനും ചൗടക്കട്ടി ഗല്ലിക്കും സമീപം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ലൈന്‍ പൊട്ടിയതായി നാട്ടുകാര്‍ പറയുന്നു. പൈപ്പ് ലൈനിലേക്ക് മലിനജലം കയറുകയും മലിനമായ വെള്ളം വീടുകളിലേക്ക് എത്തുകയും ചെയ്തു.
സാവിത്രമ്മ (35), സായമ്മ (72) എന്നിവരാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സാവിത്രമ്മ നാരായണ്‍പേട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. എന്നാല്‍ മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലബോറട്ടറി റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കയാണെന്ന് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഗുരുരാജ് ഹിരഗൗഡര്‍ പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് മഹബൂബ് നഗറിലെ സ്വകാര്യ ആശുപത്രിയിലാണ് സായമ്മയുടെ മരണം. മലിന ജലം കുടിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 15 പേര്‍ യാദ്ഗിറിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മറ്റുള്ളവരെ ഡിസ്ചാര്‍ജ് ചെയ്തു.
മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടെയുള്ള മൂന്നംഗ സംഘത്തെ അനപൂരിലേക്ക് അയച്ചിട്ടുണ്ടെന്നും അടിയന്തിര ചികിത്സ ലഭ്യമാക്കുമെന്നും ഡോ. ഹിരഗൗഡര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)