ഇസ്താംബൂള്‍- ദക്ഷിണ തുര്‍ക്കിയില്‍ ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് ഇപ്പോഴും ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. ഈ മാസം ആറിനായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനം. ഒരാഴ്ച പിന്നിട്ടിരിക്കെ തുര്‍ക്കിയിയിലും സിറിയയിലും ഭൂചലനത്തിലുണ്ടായ മരണസംഖ്യ 41,000 കടന്നിരിക്കയാണ്.
ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിയുന്നവര്‍ ഇനിയുമുണ്ടാകാമെന്ന പ്രതീക്ഷയില്‍ രക്ഷാ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.
തുര്‍ക്കിയിലെ കഹ്‌റാമന്‍മാറില്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് മൂന്ന് സഹോദരിമാരെ പുറത്തെത്തിക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഇതേ മേഖലയില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ 205 മണിക്കൂറോളം കുടങ്ങിയ ഒരു 35 കാരിയേയും രക്ഷപ്പെടുത്തി.
കഹ്‌റാമന്‍മാറില്‍ 17 വയസ്സായ മുഹമ്മദ് എനിസ്, സഹോദരന്‍ 21 വയസ്സായ അബ്ദുല്‍ബകി യെന്നിര്‍ എന്നിവരെ രക്ഷപ്പെടുത്തിയതായും ടി.ആര്‍.ടി ഹബര്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, മുറിവുകളുമായി ആശുപത്രയിലെത്തിയിരുന്നവരുടെ എണ്ണം കുറഞ്ഞതായി തെക്കന്‍ തുര്‍ക്കിയിലെ പട്ടണമായ ഇസ്‌കന്‍ഡേണിലെ ഫീല്‍ഡ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ ആര്‍മി മേജര്‍ മീന തിവാരി അറിയിച്ചു. ഇപ്പോള്‍ ആശുപത്രിയിലെത്തുന്നത് മാനസിക ആഘാതമേറ്റവരാണ് മേജര്‍ പറഞ്ഞു. ഭൂചലനത്തിനുശേഷം കുട്ടികള്‍ അതിന്റെ ഞെട്ടലില്‍നിന്ന് ഇതുവരെ മോചിതരായിട്ടില്ലെന്ന് സിറിയിലേയും തുര്‍ക്കിയിലേയും കുടുംബങ്ങള്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)