മുംബൈ- രൂപമാറ്റം വരുത്തി മുങ്ങിനടന്നെങ്കിലുമ വായിലെ സ്വര്‍ണപ്പല്ല് പാരയായി. പതിനഞ്ചു വര്‍ഷത്തിന്‌ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. 2007 ല്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പ്രവീണ്‍ അഷുഭ ജഡേജ എന്ന പ്രവീണ്‍ സിംഗിനെയാണ് കഴിഞ്ഞദിവസം ഗുജറാത്തില്‍നിന്ന് പിടികൂടിയത്.
മുംബൈയിലെ തുണിക്കടയിലെ ജീവനക്കാരനായിരുന്ന പ്രവീണ്‍ കടയുടമയെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്തിരുന്നു. മറ്റൊരു വ്യാപാരിയില്‍നിന്ന് പണം കൊണ്ടുവരാന്‍ പ്രവീണിനെയാണ് കടയുടമ അയച്ചത്. എന്നാല്‍ വ്യാപാരിയില്‍നിന്ന് പണം വാങ്ങിയ ഇയാള്‍ കടയുടമക്ക് കൈമാറാതെ പണം മോഷണം പോയെന്ന് കള്ളക്കഥ അവതരിപ്പിക്കുകയായിരുന്നു. ശൗചാലയത്തില്‍ കയറിയപ്പോള്‍ പണമടങ്ങിയ ബാഗ് ഒരാള്‍ തട്ടിയെടുത്തെന്നായിരുന്നു പ്രതി പോലീസിനോടും പറഞ്ഞത്.
വിശദമായ അന്വേഷണത്തില്‍ പ്രവീണിന്റെ കള്ളമാണെന്നും പണം ഇയാള്‍ തന്നെ കൈക്കലാക്കിയതാണെന്നും പോലീസിന് വ്യക്തമായി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതോടെ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്തിടെ പ്രതിയെ പിടികൂടാന്‍ മുംബൈ പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു. പ്രവീണിന്റെ മുന്‍ കൂട്ടാളികളെ ചോദ്യം ചെയ്ത പോലീസ് സംഘത്തിന് പ്രതി ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് എല്‍.ഐ.സി. ഏജന്റുമാരെന്ന വ്യാജേന പോലീസ് സംഘം ഇയാളെ സമീപിക്കുകയും മുംബൈയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. വായിലെ രണ്ട് സ്വര്‍ണ്ണപ്പല്ലുകള്‍ മൂലമാണ് പോലീസ് തിരിച്ചറിഞ്ഞത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)