കൊച്ചി- ബലൂണ്‍ കച്ചവടത്തിന്റെ മറവില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ മൂന്നു രാജസ്ഥാന്‍ സ്വദേശികള്‍ എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയില്‍. മോഷ്ടാക്കളില്‍ ഒരാള്‍ പതിനഞ്ചുകാരനാണ്. രാജസ്ഥാന്‍ വെയില്‍വാഡ രാംദന്‍(48), അജ്മീര്‍ സ്വദേശി സൂരജ് ബാഡ്ജര്‍(19) എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍. പിടിയിലായ പതിനഞ്ചുകാരനെ സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കും.
കഴിഞ്ഞ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. നാലംഗ മോഷണ സംഘം പച്ചാളം ലൂര്‍ദ് ആശുപത്രിക്കു സമീപത്തെ പൂട്ടിക്കിടന്ന വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന് വീട്ടിലെ കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 5,000 രൂപ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ് ഐ ടി.എസ് രതീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാക്കള്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തി മെമുവില്‍ പാലക്കാട് വരെ സഞ്ചരിച്ച വിവരം ലഭിച്ചു. തുടര്‍ന്ന് അങ്കമാലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം അറസ്റ്റിലായത്. രക്ഷപ്പെട്ട ഒരാള്‍ക്കായി അന്വേഷണം ആരംഭിച്ചു. തെരുവോരത്ത് ബലൂണ്‍ കച്ചവടത്തിനായി തമ്പടിച്ചിരിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘത്തിലെ അംഗങ്ങളാണ് മോഷ്ടാക്കള്‍. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എറണാകുളം സെന്‍ട്രല്‍ എസിപി സി.ജയകുമാറിന്റെ നിര്‍ദേശത്തില്‍ നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐ ടി.എസ്. രതീഷ്, സ്ിപിഒമാരായ വിബിന്‍, റിനു മുരളി, ലിബിന്‍ രാജ്, തങ്കരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)