ന്യൂദൽഹി - ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി പരിമിതപ്പെടുത്തിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഒന്നാം വർഷ പരീക്ഷ വിജയിക്കാൻ നാല് അവസരങ്ങൾ തന്നെ ധാരാളമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
ദേശീയ മെഡിക്കൽ കമ്മിഷൻ 2019-ലാണ് ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി ചുരുക്കിയത്. 2019 നവംബറിൽ പുറപ്പെടുവിച്ച ഈ ഉത്തരവ് അതേവർഷം എം.ബി.ബി.എസ് പ്രവേശം നേടിയ വിദ്യാർത്ഥികൾക്ക് ബാധകമാക്കിയതിന് എതിരെയായിരുന്നു ഹർജി. ഈ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ഭാവിയിൽ ഡോക്ടർമാർ ആകേണ്ട വിദ്യാർത്ഥികളാണ് നാലിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. നാല് അവസരങ്ങൾ ഉണ്ടായിട്ടും, വീണ്ടും അവസരം ചോദിക്കുന്നത് അംഗീകരിച്ചാൽ ഏത് തരത്തിലുള്ള ഡോക്ടർമാരാകും സൃഷ്ടിക്കപ്പെടുക?
ലോകത്ത് ഒരിടത്തും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇത്തരമൊരു ആനുകൂല്യം അനുവദിച്ചിട്ടുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)