Sorry, you need to enable JavaScript to visit this website.

ബിബിസിക്കെതിരായ ഹിന്ദു സേനയുടെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി-ബിബിസിയെ ഇന്ത്യയില്‍ സമ്പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന അധ്യക്ഷന്‍ വിഷ്ണു ഗുപ്തയും കര്‍ഷകനായ ബീരേന്ദ്ര കുമാര്‍ സിംഗും സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

റിട്ട് ഹരജി തീര്‍ത്തും തെറ്റിദ്ധാരണാജനകമാണെന്നും യാതൊരു മെറിറ്റും ഇല്ലെന്നും ബെഞ്ച് പറഞ്ഞു. ബിബിസി ഇന്ത്യക്കും ഇന്ത്യന്‍ സര്‍ക്കാരിനുമെതിരെ പക്ഷപാതപരമായി പെരുമാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യയുടെയും പ്രധാനമന്ത്രിയുടെയും ആഗോള തലത്തിലുള്ള  ഉയര്‍ച്ചക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും  ഹരജിയില്‍ ആരോപിച്ചിരുന്നു.

2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്ററി ഫിലിം നരേന്ദ്ര മോഡിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ബിബിസി നടത്തുന്ന ഹിന്ദുത്വ വിരുദ്ധ പ്രചാരണമാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

ഡോക്യുമെന്ററി തടയാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പ്രത്യേക ഹരജികളില്‍ ഫെബ്രുവരി മൂന്നിന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പ്രതികരണം തേടിയിരുന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, ആക്ടിവിസ്റ്റ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, അഭിഭാഷകന്‍ എം എല്‍ ശര്‍മ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.
ബിബിസി ഡോക്യുമെന്ററി തടയാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

വിവാദ ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കിടുന്ന ഒന്നിലധികം യൂട്യൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും ബ്ലോക്ക് ചെയ്യാന്‍ ജനുവരി 21ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News