ജിദ്ദ-യു.എ.ഇയിലെ ജോലി അവസാനിപ്പിച്ച് ഖത്തറിലേക്ക് മാറിയ പ്രവാസി മലയാളിക്ക് പൊല്ലാപ്പായി ഐ.എം.ഒ വീഡിയോ. അമ്മാവന്റെ ഭാര്യയെ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ഐ.എം.ഒയില്‍ വിളിച്ച് നഗ്നത കാണിച്ചതാണ് പ്രശ്‌നം. മൂന്ന് വര്‍ഷം മുമ്പ് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഉപേക്ഷിച്ച സിം നമ്പര്‍ പുതുതായി ലഭിച്ചയാള്‍ ഉപയോഗിച്ചതാണെന്ന് വിശദീകരിച്ചിട്ടും അമ്മാവന്റെ ഭാര്യക്ക് മനസ്സിലാകുന്നില്ലെന്ന് ഖത്തറിലുള്ള കോഴിക്കോട് സ്വദേശി പറയുന്നു.മുഖം കാണിക്കാതെ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.
യു.എ.ഇയിലുള്ളവര്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കി ബംഗാളിക്ക് വാണിംഗ് നല്‍കാനും നാട്ടിലേക്ക് വിളിപ്പിക്കാനും ഏര്‍പ്പാടിക്കിയിരിക്കയാണെന്ന് സൗദിയിലെ ഖമീസിലുള്ള സാമൂഹിക പ്രവര്‍ത്തകന്‍ റസാഖ് കിണാശ്ശേരി പറഞ്ഞു. വിളിച്ചയാള്‍ ബംഗ്ലാദേശുകാരനാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. നാട്ടിലെ സ്ത്രീയെ വിളിച്ച് അവരുടെ ബന്ധുവല്ല, താനാണ് വിളിച്ചതെന്ന് ബംഗാളി പറഞ്ഞാല്‍ മാത്രമേ, പ്രശ്‌നം തീരൂ എന്നാണ് റസാഖ് പറയുന്നത്.
മൂന്ന് വര്‍ഷം മുമ്പ് യു.എ.യില്‍നിന്ന് നാട്ടിലെത്തി ഒന്നര വര്‍ഷത്തിനുശേഷമാണ് തന്റെ സുഹൃത്ത് ഖത്തറില്‍ പുതിയ ജോലിക്കായി പോയതെന്ന് റസാഖ് പറയുന്നു. ജോലിത്തിരക്ക് കാരണം സ്വന്തം വീട്ടിലേക്ക് പോലും വിളിക്കാന്‍ സമയം കിട്ടാത്തയാളാണ് ഇപ്പോള്‍ ആരോ വിളിച്ചതിന്റെ പേരില്‍ കുടുംബ പ്രശ്‌നം നേരിടുന്നത്.
സിം മാറുമ്പോഴും റദ്ദാക്കുമ്പോഴും പ്രവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നല്‍കുന്നത്. ഐ.എം.ഒ ദുരുപയോഗം ചെയ്ത് നാട്ടിലുള്ളവരെ വിളിച്ച് ശല്യം ചെയ്യുന്ന സംഭവങ്ങള്‍ വേറെയുമുണ്ട്. ഐ.എം.ഒ പോലുള്ള ആപ്പുകളില്‍ ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നമ്പര്‍ മാറുമ്പോള്‍ അതൊക്കെ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
മെസേജ് അയക്കുന്നതും വിളിക്കുന്നതും ഉദ്ദേശിക്കുന്നയാള്‍ക്ക് തന്നെയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പലരും ക്യാന്‍സല്‍ ചെയ്യുന്ന നമ്പറുകള്‍ പിന്നീട് വേറെയാളുകള്‍ക്കാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പില്‍ മെസേജുകളും വീഡിയോകളും മറ്റും അയക്കുമ്പോള്‍ ജാഗ്രത ആവശ്യമാണ്.