- കടപ്പുറത്ത് സ്ത്രീകളുണ്ടാവും, സ്റ്റേജിലുണ്ടാവില്ല; സ്ത്രീകളെ പൊതുവേദിയിൽ കൊണ്ടുവരുന്നത് മുജാഹിദ് പാരമ്പര്യത്തിന് എതിരെന്ന് വിസ്ഡം നേതാക്കൾ
കോഴിക്കോട് - കെ.എൻ.എമ്മിന്റെ പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്ന പതിവില്ലെന്ന് വിസ്ഡം മുജാഹിദ് നേതാക്കൾ. സ്ത്രീ സ്വാതന്ത്ര്യത്തിന് സ്ത്രീകൾ പൊതുരംഗത്ത് വരേണ്ടതില്ലെന്നും മുജാഹിദ് പൊതുസമ്മേളനങ്ങളിൽ സ്ത്രീ പ്രഭാഷകരുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും വിസ്ഡം നേതാക്കൾ പ്രതികരിച്ചു. ഈമാസം 12ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായാണ് വിസ്ഡം മുജാഹിദ് നേതാക്കളുടെ മറുപടി.
'മുജാഹിദ് പൊതുസമ്മേളനങ്ങളിൽ സ്ത്രീകൾ പങ്കെടുക്കാറുണ്ടെന്നും ഹലീമാ ബീവി അടക്കമുള്ള നേതാക്കൾ കെ.എൻ.എം സമ്മേളനങ്ങളിൽ മുമ്പ് പങ്കെടുത്ത് പ്രസംഗിച്ചുവെന്നും' മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അത് എപ്പോഴാണെന്ന് തിരിച്ചുചോദിക്കുകയായിരുന്നു മുജാഹിദ് നേതാവ്. വർഷം പറഞ്ഞപ്പോൾ ആ ചരിത്രം പരിശോധിക്കണമെന്നും സമ്മേളനത്തോടനുബന്ധിച്ച് വനിതാ സമ്മേളനം സ്ത്രീകൾക്കായി പ്രത്യേകം നടത്തുന്നതാണ് പതിവെന്നും പൊതുപരിപാടികളിൽ പുരുഷന്മാരോടൊപ്പം ഇടകലർന്നുള്ള സമ്മേളനങ്ങൾ മുജാഹിദുകൾ നടത്താറില്ലെന്നുമായിരുന്നു നേതൃ വിശദീകരണം. തങ്ങളുടെ വനിതാ നേതാക്കൾക്ക് അത്തരം പൊതുവേദികളിൽ പങ്കെടുക്കണമെന്ന് ആഗ്രഹമില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
സ്ത്രീകളെ സംബന്ധിച്ച് ധാരാളം കാഴ്ചപ്പാടുകൾ നാട്ടിലുണ്ട്. സ്ത്രീ സ്വാതന്ത്ര്യം എന്നത് അവരെ പ്രദർശിപ്പിക്കുക എന്നതല്ല. സ്ത്രീകളെ പ്രദർശന വസ്തുവാക്കി വിൽപ്പനച്ചരക്കാക്കി മാറ്റുന്ന അവസ്ഥയാണിന്നുള്ളത്. കെ.എൻ.എമ്മിൽ വർഷങ്ങളായി ഞങ്ങളെല്ലാമുണ്ട്. കെ.എൻ.എമ്മിന്റെ വ്യവസ്ഥാപിതമായ രൂപീകരണത്തിനുശേഷം പൊതുവേദികളിൽ പ്രസംഗിക്കാനായി മുജാഹിദുകൾ സ്ത്രീകളെ ഒരുക്കി നിർത്തിയിട്ടില്ല. അവരുടേതായ പ്രോഗ്രാമുകൾ അന്നും ഇന്നും സ്ത്രീകൾക്കുണ്ട്. അതിൽ അവർ സുന്ദരമായി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നു. കടപ്പുറം സമ്മേളനത്തിലും സ്ത്രീകൾ വരും. എന്നാൽ അവരെ സ്റ്റേജിൽ ഇരുത്തണമെന്ന ആവശ്യം ഞങ്ങൾക്കോ സംഘടനയിലെ സ്ത്രീകൾക്കോ തോന്നിയിട്ടില്ല. സ്ത്രീകളെ പൊതുവേദിയിൽ കൊണ്ടുവരുന്നത് മുജാഹിദ് പാരമ്പര്യമല്ല.
നവോത്ഥാനത്തിനുവേണ്ടി മുജാഹിദുകൾ അങ്ങേയറ്റം ശ്രമിച്ചിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിനും മുന്തിയ പരിഗണന നൽകി. സ്ത്രീകൾക്ക് ആരാധനാസ്വാതന്ത്ര്യത്തിനും ശബ്ദിച്ചിട്ടുണ്ട്. എന്നാൽ പൊതുരംഗ പ്രവേശത്തിനുള്ള മുറവിളി ഉണ്ടായിട്ടില്ല. പുരുഷനും സ്ത്രീയും സ്റ്റേജിൽ ഒരുമിച്ചിരിക്കണം എന്ന് ഞങ്ങൾക്കില്ല. ഞങ്ങളുടെ സ്ത്രീകൾക്കത് ജനാധിപത്യ വിരുദ്ധമാണെന്ന് തോന്നുന്നില്ലെന്നും മുജാഹിദ് നേതാക്കൾ പറഞ്ഞു.
മാരണം (സിഹ്‌റ്) ഫലിക്കുമെന്നത് പ്രമാണങ്ങളിലുണ്ടെന്നും അതിൽ എതിരഭിപ്രായമില്ലെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ, അഭൗതിക മാർഗത്തിലൂടെ ഉപദ്രവവും സഹായവും അല്ലാഹുവിൽ നിന്ന് മാത്രമാണെന്ന് വിശ്വസിക്കുന്ന മുജാഹിദുകൾ സിഹ്‌റ് ഫലിക്കുമെന്ന് കരുതുന്നത് ശിർക്ക് (ബഹുദൈവ വിശ്വാസം) അല്ലേ എന്ന ചോദ്യത്തിന് നേതാക്കൾക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല.
ഈ മാസം 12ന് വൈകിട്ട് 4.15ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം സമ്മേളനം സഊദി എംബസി അറ്റാഷെ ശൈഖ് ബദർ ബിൻ നാസിർ അൽ ബുജൈദി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, വിസ്ഡം സെക്രട്ടറി നാസർ ബാലുശ്ശേരി, അശ്‌റഫ് കല്ലായി, അബ്ദുർറസാഖ് അത്തോളി, യു മുഹമ്മദ് മദനി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എന്നാൽ, മാരണം അന്ധവിശ്വാസമാണെന്നാണ് മുജാഹിദുകളുടെ പ്രഖ്യാപിത നിലപാട്. ഇതേ ചൊല്ലി മുജാഹിദ് ഗ്രൂപ്പുകളിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും ഉയർന്നിരുന്നു. മുജാഹിദുകളിൽ സ്ത്രീകൾക്ക് പൊതുവേദിയിൽ പങ്കെടുക്കുന്നതിനും പ്രസംഗിക്കുന്നതിനും വിലക്ക് കൽപ്പിക്കാത്ത വിഭാഗങ്ങളുമുണ്ട്.