Sorry, you need to enable JavaScript to visit this website.

അടുത്ത ഭൂകമ്പം ഇന്ത്യയിൽ; ആദ്യം കുലുങ്ങുക അഫ്ഗാനെന്ന് തുർക്കി ഭൂകമ്പം പ്രവചിച്ച ഡച്ച് ഗവേഷകൻ, തള്ളി ശാസ്ത്രലോകം

ഇസ്തംബൂൾ / ഇസ്‌ലാമാബാദ് - തുർക്കിയിലെ ഭൂകമ്പം മൂന്നുദിവസം മുമ്പ്  പ്രവചിച്ച് ശ്രദ്ധനേടിയ ഡച്ച് ഗവേഷകനായ ജ്യോതിഷിയുടെ പുതിയ പ്രവചനം പുറത്ത്. ഇതനുസരിച്ച് ആദ്യം അഫ്ഗാനും പിന്നാലെ ഇന്ത്യയും ശേഷം ഇന്ത്യൻ മഹാസമുദ്രവും കുലുങ്ങുമെന്നാണ് ഡച്ചുകാരനായ ഫ്രാങ്ക് ഹൂഗർബീറ്റ്‌സ് ഒരു വീഡിയോയിൽ പ്രവചിച്ചത്. എന്നാൽ ഈ പ്രവചനം ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല. തുർക്കിയിലെ പ്രവചനം യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഇവർ പറയുന്നു.
 ഫ്രാങ്കിന്റെ പുതിയ പ്രവചനം ഏഷ്യൻ മേഖലയിലും ഇന്ത്യക്കും ഒരുപോലെ ഭയം സമ്മാനിക്കുന്നതാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് വരാനിരിക്കുന്നത് വലിയ ദുരന്തമാണെന്ന് ഫ്രാങ്ക് പ്രവചിക്കുന്നു. ഭൂകമ്പങ്ങൾ ഇന്ത്യയിലുണ്ടാകാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഇന്ത്യയെ കൂടാതെ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഭൂകമ്പം നാശം വിതയ്ക്കും. അഫ്ഗാനിസ്ഥാനിലായിരിക്കും ഈ ഭൂകമ്പം ആദ്യം ഉണ്ടാവുകയെന്നും അവസാനിക്കുക ഇന്ത്യൻ മഹാസമുദ്രത്തിലായിരിക്കുമെന്നും ജ്യോതിഷി ഫ്രാങ്ക് മുന്നറിയിപ്പ് നൽകുന്നു. 
 വൻ ഭൂകമ്പം തന്നെയാണുണ്ടാവുക. ഏതൊക്കെ മേഖലകളിലാണെന്നും ഈ പ്രവചനത്തിൽ നല്കിയ മാപ്പിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. എല്ലാ ഭൂകമ്പങ്ങളും അന്തരീക്ഷത്തിലെ ചലനത്തിലൂടെ, ഗ്രഹനില മാറ്റത്തിലൂടെയും കണ്ടെത്താനാവില്ല. താനിപ്പോൾ പറയുന്നത് ഏകദേശ രൂപം മാത്രമാണെന്നും, എല്ലാ വലിയ ഭൂകമ്പങ്ങളും അന്തരീക്ഷത്തിൽ അടയാളം പതിപ്പിക്കില്ലെന്നും ഫ്രാങ്ക് പറയുന്നു. വീഡിയോയിലൂടെയാണ് ഫ്രാങ്ക് ഇക്കാര്യം അറിയിച്ചത്. 
 ഫ്രാങ്കിന്റെ സോളാർ സിസ്റ്റം ജിയോമെട്രി സർവ്വേ എന്ന സ്ഥാപനത്തിന്റെ ഗ്രഹനില നോക്കിയാണ് ഇദ്ദേഹത്തിന്റെ പ്രധാന പ്രവചന രീതികൾ. എന്നാൽ, ശാസ്ത്ര ലോകം ഇതിന് അംഗീകാരം നല്കിയിട്ടില്ല. ഭൂകമ്പവും ഗ്രഹനിലയിലെ മാറ്റവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ബഹിരാകാശവുമായി ഇതിനെ ബന്ധിപ്പിക്കാനാവില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഫ്രാങ്കിന്റെ പ്രവചനങ്ങളൊന്നും സത്യമല്ലെന്നും ഒറ്റപ്പെട്ടത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഇവർ പറയുന്നു. പാകിസ്താൻ കാലാവസ്ഥാ വിഭാഗവും ഫ്രാങ്കിന്റെ പ്രവചനം തള്ളി. തുർക്കിയും പാകിസ്താനും തമ്മിൽ ഫോൾട്ട് ലൈനുകളിൽ യാതൊരു സാമ്യതയുമില്ലെന്നും പാകിസ്താൻ ചൂണ്ടിക്കാട്ടി.
 ഭൂകമ്പം പ്രവചിക്കുന്നതിന് ശാസ്ത്രീയ വിദ്യകളൊന്നുമില്ല. രാജ്യത്തിന് സ്വന്തമായി ഭൂകമ്പ നിരീക്ഷണ സംവിധാനങ്ങളുണ്ട്. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പങ്ങളും തുടർ ചലനങ്ങളും മറ്റും പാകിസ്താൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പി.എം.ഡി ഡയറക്ടർ ഷാഹിദ് അബ്ബാസ് പ്രതികരിച്ചു.
 അതേസമയം, പ്രവചനം ശാസ്ത്രീയമല്ലെന്ന് പറയുമ്പോഴും ജ്യോതിഷിയുടെ പുതിയ പ്രവചനം പലരേയും ഭയവിഹ്വലരാക്കിയേക്കും. തുർക്കി ഭൂകമ്പം പ്രവചിച്ചതോടെ ജ്യോതിഷിയിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള സോളാർ സിസ്റ്റം ജ്യാമിതി സർവേയിലാണ്(എസ്.എസ്.ജി.എസ്) ഈ ഡച്ച് ഗവേഷകൻ ജോലി ചെയ്യുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News